വിഴിഞ്ഞം തുറമുഖം 
KERALA

അദാനി പോർട്ടും എംഎസ്‌സിയും കൈകോർക്കുന്നു; വിഴിഞ്ഞത്തേക്ക് ഇനി വിദേശ നിക്ഷേപം ഒഴുകും

തുറമുഖത്തിൻ്റെ 49% ഓഹരി എംഎസ്‌സി സ്വന്തമാക്കും.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശനിക്ഷേപം. അദാനി പോർട്ടും എംഎസ്‌സിയും കൈകോർക്കുന്നതോടെ തുറമുഖത്തിൻ്റെ 49% ഓഹരി യൂറോപ്യൻ ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി(എംഎസ്‌സി) സ്വന്തമാക്കും. 2.85 ബില്യൺ യുഎസ് ഡോളർ ആണ് ആകെ ഇടപാട് മൂല്യമായി കണക്കാക്കുന്നത്.

വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട വികസന പ്രവർത്തനം പുരോഗമിക്കുന്നതിനിടയിലാണ് ഈ ഭീമൻ നിക്ഷേപം വരുന്നത്. ചരക്ക് കൈകാര്യം ചെയ്യുന്നതിൽ 16 ലക്ഷം ടി ഇ യു ശേഷിയുള്ള തുറമുഖം ഇനി 56 ലക്ഷം ടി ഇ യുവിലേയ്ക്ക് ഉയരും. നിലവിൽ, തെക്കുകിഴക്കൻ ഏഷ്യൻ ട്രാൻഷിപ്മെൻ്റ് ഹബ്ബുകളെ ആശ്രയിക്കുന്ന ബംഗ്ലാദേശ് ചരക്കുകളിൽ ഇതോടെ വിഴിഞ്ഞത്തിന് കൂടുതൽ പങ്കാളിത്തം വരും.

കിഴക്കൻ ആഫ്രിക്കൻ വ്യാപാര പാതകളിലെ സാന്നിധ്യം ശക്തിപ്പെടുത്താനുമാകും. പുതിയ കരാറിലൂടെ റിലേ കാർഗോ വർധനയും സാധ്യമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മൂന്നാം ടെർമിനലിലും തമിഴ്നാട് എന്നോറിലും എംഎസ്‌സിയുമായി അദാനി പോർട്ട്സിന് സഹകരണമുണ്ട്. എംഎസ്‌സി നിക്ഷേപം നടത്തുന്ന രാജ്യത്തെ മൂന്നാമത്തെ തുറമുഖമായി ഇതോടെ വിഴിഞ്ഞം മാറും. നിയമാനുസൃതമായാണ് നിക്ഷേപം എത്തുന്നതെന്നും അതിനാൽ തുറമുഖം തിരികെ സർക്കാറിന് കൈമാറുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നുമാണ് അദാനി പോർട്ടിൻ്റെ വിശദീകരണം.

SCROLL FOR NEXT