KERALA

അടിമാലി മണ്ണിടിച്ചിൽ: ഒരാൾക്ക് ദാരുണാന്ത്യം, മരിച്ചത് നെടുമ്പള്ളിക്കുടി ബിജു

ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ദമ്പതികളെ പുറത്തെത്തിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: അടിമാലി ലക്ഷംവീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾക്ക് ദാരുണാന്ത്യം. നെടുമ്പള്ളിക്കുടി ബിജുവാണ് മരിച്ചത്. അപകടത്തിൽ ബിജുവിൻ്റെ ഭാര്യ സന്ധ്യയ്ക്കും പരിക്കേറ്റിറ്റുണ്ട്. സന്ധ്യയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മഴയെത്തുടർന്ന് ഈ പ്രദേശത്ത് വെള്ളിയാഴ്ചയും മണ്ണിടിഞ്ഞിരുന്നു. ഇന്നലെ രാത്രിയോടെ വീണ്ടും മണ്ണിടിയുകയായിരുന്നു.

മണ്ണിടിച്ചിലിൻ്റെ ദൃശ്യങ്ങൾ

ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ദമ്പതികളെ പുറത്തെത്തിച്ചത്. സമീപത്തുള്ള ബന്ധുവീട്ടിലേക്ക് പോയ ബിജുവും ഭാര്യയും ഭക്ഷണം കഴിക്കാനായാണ് തിരികെ വീട്ടിലേക്ക് എത്തിയത് എന്നാണ് സന്ധ്യയുടെ അച്ഛൻ പത്മനാഭൻ പ്രതികരിച്ചത്. ദമ്പതികളെ പുറത്തെത്തിച്ചപ്പോൾ തന്നെ ബിജു പ്രതികരിക്കുന്നില്ലായിരുന്നു എന്ന് ബന്ധു പറഞ്ഞു.

മണ്ണിടിച്ചിലിൻ്റെ ദൃശ്യങ്ങൾ

ദേശീയപാത 85 നിർമാണ പ്രവർത്തികൾ നടക്കുന്ന പ്രദേശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി അടിമാലി പഞ്ചായത്ത് അറിയിച്ചു. ഇതിൻ്റെ ഭാഗമായി 22 കുടുംബങ്ങളെ വൈകിട്ടോടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. കുടുംബ വീട് തൊട്ടടുത്ത് തന്നെ ആയതുകൊണ്ട് ബിജുവും സന്ധ്യയും ക്യാമ്പിലേക്ക് മാറിയിരുന്നില്ല. രാത്രി ഇരുവരും ഭക്ഷണം കഴിക്കാന്‍ വന്ന സമയത്ത് മണ്ണിടിയുകയായിരുന്നു. ആറ് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. 50 അടിയിലേറെ ഉയരമുള്ള തിട്ട ആറോളം വീടുകളിലേക്കാണ് പതിച്ചത്.

മണ്ണിടിച്ചിലിൻ്റെ ദൃശ്യങ്ങൾ

ഇടുക്കി അടിമാലിക്കും മൂന്നാറിനുമിടെ കൂമ്പൻപാറയിലാണ് അപകടമുണ്ടായത്. ലക്ഷംവീട് ഉന്നതിയിലേക്കുള്ള വഴി ഇടുങ്ങിയത് ആയതിനാൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുണ്ടായതായി അധികൃതർ അറിയിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയും അപകട സ്ഥലത്ത് ആദ്യമെത്തുകയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു.

വീട്ടിലേക്ക് പോകാൻ ഒരുങ്ങിയ ബിജുവിനെയും സന്ധ്യയേയും തടഞ്ഞിരുന്നുവെന്നും, പോകരുതെന്ന് പറഞ്ഞിരുന്നുവെന്നും ബിജുവിൻ്റെ സഹോദരി പറഞ്ഞു. മണ്ണിടിച്ചിലിനെ തുടർന്ന് വീടിൻ്റെ തൂൺ ബിജുവിൻ്റെ തലയിൽ പതിച്ച അവസ്ഥയിൽ ആയിരുന്നു. ഇരുവരുടെയും കാലുകൾ അലമാരയ്ക്കിടെ കുടുങ്ങി കിടക്കുകയായിരുന്നു.

മണ്ണിടിച്ചിലിൻ്റെ ദൃശ്യങ്ങൾ

സന്ധ്യയുടെ കാലിലെ പരിക്ക് അതീവ ഗുരുതരം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽ ആശങ്കപ്പെടേണ്ട പരിക്ക് ഇല്ല. ഇടത് കാലിനാണ് പരിക്ക് സംഭവിച്ചിരിക്കുന്നത് എന്നും അധികൃതർ പറഞ്ഞു.

ബിജുവിൻ്റെയും സന്ധയുടെയും മകൾ ആര്യ കോട്ടയത്ത് നഴ്സിങ് വിദ്യാർഥിയാണ്. മകൻ സന്ദീപ് കഴിഞ്ഞ വർഷമാണ് കാൻസർ ബാധിച്ച് മരിച്ചത്.

SCROLL FOR NEXT