Source: News Malayalam 24x7
KERALA

ആദിത്യയുടെ മരണം: 'ബ്ലാക് വെനം' പേജ് ഫോളോ ചെയ്തിരുന്നോ എന്ന് കണ്ടെത്തിയിട്ടില്ലെന്ന് എറണാകുളം റൂറൽ എസ്പി

ഫോണിൽ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ കൊറിയൻ സുഹൃത്തിന് പങ്കുണ്ടെന്ന വാദം തെറ്റെന്ന് പൊലീസ്. ഇതുവരെയും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്ന് അന്വേഷണ സംഘം. പെണ്‍കുട്ടിയുടെ സുഹൃത്തുകളുടെ മൊഴിയിൽ കൊറിയൻ ബന്ധമുണ്ടെന്നതിന് സൂചന ഇല്ലെന്ന് എറണാകുളം റൂറൽ എസ്പി കെ.എസ്. സുദർശൻ പറഞ്ഞു. പെൺകുട്ടിയുടെ കുറിപ്പിലും കൊറിയൻ സുഹൃത്തിനെ കുറിച്ച് പരാമർശമുണ്ട്. എന്നാൽ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടില്ല. ഫോൺ പരിശോധനയ്ക്ക് അയച്ചിട്ടേയുള്ളു ഫലം വരാൻ സമയമെടുക്കുമെന്നും കെ.എസ്. സുദർശൻ അറിയിച്ചു.

പെൺകുട്ടിയെ മറ്റാരെങ്കിലും കബളിപ്പിച്ചതാണോ എന്നതിലും അന്വേഷണം നടക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പെണ്‍കുട്ടി ബ്ലാക്ക് വെനമെന്ന പേജ് ഫോളോ ചെയ്തിരുന്നോ എന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമേ ഫോണിലെ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. ഫോണിൽ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

കുട്ടികളുടെ ബോധവത്കരണത്തിന് സ്റ്റുഡന്റസ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ രൂപീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊറിയൻ ഭ്രമം തടയാൻ ബോധവത്കരണം നടത്തും. സ്കൂളിലും കോളേജിലും ബോധവത്കരണം നടത്തും. സൈബർ പോലീസ് ഉൾപ്പെടുന്ന സംഘത്തെ ഉപയോഗിക്കുമെന്നും പൊലീസ് അറിയിച്ചു.

ആദിത്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് മഹേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മകളുടെ മരണത്തില്‍ മറ്റാരുടേയോ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് മഹേഷ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനം നൊന്ത് മകള്‍ മരിച്ചെന്നത് വിശ്വസിക്കുന്നില്ല. മകളുടെ കൊറിയന്‍ സ്‌നേഹം അറിയാവുന്ന ആരോ കബളിപ്പിച്ചതാകാം. സംഭവത്തില്‍ മകളുടെ ചില കൂട്ടുകാരുടെ പങ്ക് സംശയിക്കുന്നതായും മഹേഷ് വ്യക്തമാക്കി. ഒരു കുട്ടി ഇതുവരെ വന്ന് കാണാനോ സംസാരിക്കാനോ ഒന്നും തയ്യാറായിട്ടില്ല. അവളുമായിട്ടായിരുന്നു മകള്‍ക്ക് കൂടുതല്‍ അടുപ്പം. അത് ഞങ്ങളെ കാണാനുള്ള ബുദ്ധിമുട്ടുകൊണ്ടും ആകാം. ആ കുട്ടി സ്‌കൂളിലും പോകുന്നതായി അറിയില്ലെന്നും പിതാവ് പറഞ്ഞു.

SCROLL FOR NEXT