ജോയലിന്റെ മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് പഴകുളം മധു.  Source: News Malayalam 24x7
KERALA

ഡിവൈഎഫ്ഐ പ്രവർത്തകൻ ജോയലിൻ്റെ മരണം: സർക്കാർ പുനരന്വേഷണത്തിന് ഉത്തരവിടണമെന്ന് കോൺഗ്രസ്‌

ജോയലിന്റെ മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്നും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: അടൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ജോയലിന്റെ മരണത്തിൽ സർക്കാർ പുനരന്വേഷണത്തിന് ഉത്തരവിടണമെന്ന് കോൺഗ്രസ്‌. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ആളുകൾക്ക് പരാതി നൽകിയിട്ട് പൊലീസുകാർക്കെതിരെ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. മുൻമന്ത്രി എ.സി. മൊയ്തീന്റെ സ്റ്റാഫിലെ ഒരാൾ ജോയൽ മരിക്കുന്നതിന് തലേദിവസം വീട്ടിൽ കയറി പ്രശ്നങ്ങൾ ഉണ്ടാക്കി. ജോയലിന്റെ മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്നും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പ്രതികരിച്ചു.

ജോയലിന്റെ മരണത്തില്‍ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം. കൊലക്കുറ്റം ചുമത്തണമെന്നും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വാഹനാപകടം സംഭവിച്ചതിലെ തർക്കവുമായി ബന്ധപ്പെട്ടാണ് അടൂർ സ്വദേശി ജോയലിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിനു ശേഷം അതിക്രൂരമർദനമാണ് ജോയലിന് നേരിട്ടത്. 2020 ജനുവരി ഒന്നാം തീയതിയാണ് സംഭവം.

അടൂർ സിഐ ആയിരുന്ന യു. ബിജുവിന്റെ നേതൃത്വത്തിൽ ആയിരുന്നു മർദനം. സിഐ ബിജുവിന് പുറമേ ഷിജു പി. സാം, ജയകുമാർ, ശ്രീകുമാർ, സുജിത്ത്, സുരേഷ് എന്നീ പൊലീസുകാർ ചേർന്നാണ് ജോയലിനെ മർദിച്ചത്. ശാരീരികമായി ആക്രമിക്കുന്നതിനിടെ പല തവണ ജോയലിന്റെ തല ചുവരിൽ ഇടിപ്പിച്ചു. സംഭവമറിഞ്ഞ് സ്റ്റേഷനിൽ എത്തിയ അച്ഛനെയും പിതൃ സഹോദരിയെയും സമാനമായ രീതിയില്‍ പൊലീസ് ക്രൂരമായി മർദിക്കുകയായിരുന്നു. പിതൃ സഹോദരിയായ കുഞ്ഞമ്മയെ വയറ്റിൽ ബൂട്ടിട്ട് തുടർച്ചയായി ചവിട്ടി.

പൊലീസ് മർദനത്തിനു ശേഷം ജോയൽ സ്ഥിരമായി രക്തം ഛർദിക്കുകയും മൂത്രത്തിൽ രക്തവും പഴുപ്പും കാണുകയും ചെയ്തിരുന്നു. മൂന്ന് മാസക്കാലത്തോളം ചികിത്സയ്ക്ക് ശേഷം മെയ് 22ന് ആണ് ജോയൽ മരിച്ചത്. "അവന്റെ കഴുത്തില്‍ അരിവാളും ചുറ്റികയുമുള്ള ഒരു മാലയുണ്ടായിരുന്നു. ഇതു കണ്ടതും നിന്റ് ചുറ്റിക എന്നും പറഞ്ഞ് എന്റെ കുഞ്ഞിന്റെ നാഭിക്ക് ആ എസ്ഐ ചവിട്ടി", കുഞ്ഞമ്മ പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് കയറി ചെല്ലുന്നിടത്ത് വച്ചാണ് മകനെ പൊലീസ് ആക്രമിച്ചതെന്നും ഇനി പരാതി നല്‍കാന്‍ പോകുന്നത് പ്രധാനമന്ത്രിക്കാണെന്നും ജോയലിന്റെ പിതാവ് പറയുന്നു.

ജോയല്‍ നേരിട്ട കസ്റ്റഡി മർദനത്തില്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും അടക്കം പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്നാണ് കുടുംബം പറയുന്നത്. അടൂർ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. മർദിച്ച പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരാനാണ് കുടുംബത്തിന്റെ തീരുമാനം.

SCROLL FOR NEXT