KERALA

ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ക്കും; അടൂര്‍ പൊലീസ് സ്റ്റേഷന്‍ സംഘര്‍ഷത്തില്‍ പൊലീസിനും വീഴ്ച

കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്നും സൂചനയുണ്ട്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: അടൂര്‍ പോലീസ് സ്റ്റേഷന്‍ സംഘര്‍ഷത്തില്‍ പൊലീസിന് വീഴ്ച ഉണ്ടായെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി. കേസില്‍ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ക്കാനും തീരുമാനം. കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്നും സൂചനയുണ്ട്.

സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് പോലീസ് നടപടി തുടങ്ങിയത്

യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റിലായ ദിവസം ശ്രീനാദേവി കുഞ്ഞമ്മയടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ് സ്റ്റേഷന് അകത്തെത്തി ഭീഷണിപ്പെടുത്തുന്നതിന്റെയും, ജീപ്പില്‍ നിന്ന് ഇറക്കുന്നതിനിടെ തന്നെ രാജന്‍ ജോസഫിനെ മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

മൂന്ന് മാസം മുമ്പാണ് സംഭവം നടന്നത്. കേസില്‍ അന്ന് എഫ്ഐആര്‍ ഇട്ടിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ എന്ന് മാത്രമാണ് എഫ്ഐആറില്‍ ഉണ്ടായിരുന്നത്. ആരുടെയും പേര് രേഖപ്പെടുത്തിയിരുന്നില്ല.

സംഭവം നടക്കുന്ന ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അത് കണക്കിലെടുത്തും നടപടി ഉണ്ടായില്ല. തുടര്‍ന്ന് രാജന്‍ ജോസഫിനെ ജയിലില്‍ എത്തിച്ച ശേഷം പൊലീസിന്റെ സാന്നിധ്യത്തില്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വലിയ തോതില്‍ ചര്‍ച്ചയായത്.

SCROLL FOR NEXT