Source: News Malayalam 24x7
KERALA

"എന്നെ വിളിപ്പിച്ചിട്ടില്ല, എനിക്ക് യാതൊരു അറിവുമില്ല; ചാനലുകാർ പറഞ്ഞതുകൊണ്ട് ചോദ്യം ചെയ്യലിന് പോകാനാവില്ല": അടൂർ പ്രകാശ്

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പുതിയ പണിയാണ് ഇപ്പോൾ നടക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.

Author : പ്രിയ പ്രകാശന്‍

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി ചോദ്യം ചെയ്യുമെന്ന വാർത്ത വന്നതിന് പിന്നാലെ പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ചാനലുകളിലൂടെ മാത്രമാണ് ചോദ്യം ചെയ്യുന്ന കാര്യങ്ങൾ അറിഞ്ഞത്. തനിക്ക് യാതൊരു അറിവുമില്ല തന്നെ വിളിപ്പിച്ചിട്ടുമില്ലെന്നാണ് അടൂർ പ്രകാശ് പറയുന്നത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പുതിയ പണിയാണ് ഇപ്പോൾ നടക്കുന്നത്. ചോദ്യം ചെയ്യാൻ വിളിച്ചാൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും. ചാനലുകാർ പറഞ്ഞതുകൊണ്ട് പോകാൻ ആവില്ല. തന്നെ ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ ചാനലുകാരെയും അറിയിക്കണം. അല്ലെങ്കിൽ പറയാനുള്ളത് അതിനുമുമ്പ് തന്നെ വിളിച്ചു പറയുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. സോണിയ ഗാന്ധിയുമായുള്ള പോറ്റിയുടെ കൂടിക്കാഴ്ചയ്ക്ക് താൻ അപ്പോയിൻമെൻ്റ് എടുത്തു നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളിയെ ചോദ്യംചെയ്ത അന്വേഷണ രീതിയെക്കുറിച്ച് സംശയങ്ങളുണ്ടെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ഹൈക്കോടതി നിയമിച്ച അന്വേഷണസംഘം ആണെങ്കിലും ഉദ്യോഗസ്ഥർ കേരള സർക്കാരിൻ്റേതാണ്. ഉദ്യോഗസ്ഥർക്ക് പരിമിതിയുണ്ട്. ചോദ്യം ചെയ്യപ്പെടുന്നവർക്ക് സൗകര്യമുള്ള തരത്തിലാണ് ചോദ്യം ചെയ്യുന്നത്. കടകംപള്ളിയെ ചോദ്യം ചെയ്തത് ആരും അറിഞ്ഞില്ല. എന്നാൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പോകുന്നത് എല്ലാവരും അറിഞ്ഞുവെന്നും വേണുഗോപാൽ വ്യക്തമാക്കി.

എസ്ഐടിക്ക് മേൽ സമ്മർദമുണ്ട്. നെല്ലും പതിരും തിരിച്ചറിയാൻ നേരത്തെ കഴിയും. തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടിയാണ് കടകംപള്ളിയുടെ ചോദ്യം ചെയ്യൽ മാറ്റിവച്ചത്. അടൂർ പ്രകാശിനെ ചോദ്യം ചെയ്താലും ഭയമില്ല, സ്വർണം കട്ടവർ ആരാണെന്ന് ജനങ്ങൾക്കും, ഞങ്ങൾക്കും അറിയാമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

അതേസമയം, എസ്ഐടിയിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ വി.ഡി. സതീശന് യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞപ്പോൾ വിശ്വാസം നഷ്ടപ്പെട്ടോ എന്ന് മന്ത്രി എം.ബി. രാജേഷ് ചോദ്യമുന്നയിച്ചു. കടകംപള്ളിയുടെ മൊഴി എടുക്കാൻ വിളിച്ചപ്പോൾ പ്രതിപക്ഷത്തിന് വൻ ആഘോഷമായിരുന്നു. സ്വന്തക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ എന്തിനാണ് പരിഭ്രാന്തിയെന്നും എം.ബി. രാജേഷ് ചോദിച്ചു. പ്രതിപക്ഷ നേതാവിൻ്റേത് ഇരട്ടത്താപ്പാണ്. അന്വേഷണത്തിൻ്റെ പോക്കിൽ ഭയം ഉണ്ടെങ്കിൽ പാരഡി ഗാനം ഒരുമിച്ച് പാടിയാൽ മതി. പിന്നീട് അത് കൂട്ടക്കരച്ചിലാകുമെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT