ഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമുള്ള ചിത്രത്തിൽ വിശദീകരണവുമായി അടൂർ പ്രകാശ് എംപി. എംപിയായ ശേഷമാണ് പോറ്റിയെ കാണുന്നതെന്നും ഗിഫ്റ്റ് ആയി നൽകിയത് സ്വീറ്റ്സ് ആണെന്നും വിശദീകരണം. സോണിയ ഗാന്ധിയുടെ അടുത്ത് പോറ്റിയെ കൊണ്ടുപോയത് താനല്ലെന്നും ഡൽഹിയിൽ വച്ച് വിളിച്ചപ്പോൾ കൂടെ പോയതാണെന്നും അടൂർ പ്രകാശ് എംപി വിശദീകരിച്ചു. സ്വർണക്കൊള്ള കേസിൽ കോൺഗ്രസിനുള്ളിൽ നിന്ന് തനിക്ക് എതിരെ ഗൂഢാലോചന ഉണ്ടെന്നും അടൂർ പ്രകാശ് ആരോപിച്ചു. ഏതെങ്കിലും തരത്തിൽ മോശക്കാരനാക്കാൻ ആരുടെയെങ്കിലും ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായാൽ ജനങ്ങളുടെ മുന്നിൽ അത് വിലപ്പോവില്ല. ജനങ്ങൾ എല്ലാം വിലയിരുത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
"2019ലാണ് പോറ്റിയെ പരിചയപ്പെടുന്നത്. എംപി ആയ ശേഷം ശബരിമലയിൽ അന്നദാനത്തിന് പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. പിതാവ് മരണപ്പെട്ടത് അറിഞ്ഞപ്പോൾ വീട്ടിൽ പോയി എന്നത് സത്യാവസ്ഥയാണ്. പോറ്റിയുടെ സഹോദരി താമസിക്കുന്ന വീട്ടിൽ പോയിട്ടുണ്ട്. പോയ ചടങ്ങ് എന്താണെന്ന് ഓർക്കുന്നില്ല. ഒരു മരണം, ഒരു കല്യാണം ഒക്കെ ഉണ്ടാകുമ്പോൾ അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. ബെംഗളൂരുവിൽ പോറ്റി ഇങ്ങോട്ട് വന്ന് കണ്ടതാണ്. അതിൽ കൂടുതൽ ബന്ധം ഇല്ല. ഗിഫ്റ്റ് നൽകിയത് സ്വീറ്റ്സാണ്. ഇയാൾ കൊള്ളസംഘക്കാരനാണെന്ന് അറിയില്ലായിരുന്നു", അടൂർ പ്രകാശ് എംപി.
ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫിന് കൂടുതൽ കുരുക്കായാണ് അടൂർ പ്രകാശ് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ ഇന്ന് പുറത്തുവന്നത്. ബെംഗളൂരുവിലുള്ളപ്പോൾ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നത്. പോറ്റിയിൽ നിന്നും അടൂർ പ്രകാശ് സമ്മാനങ്ങൾ വാങ്ങിയതിന്റെയും ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. പോറ്റിയുടെ സുഹൃത്തുക്കളായ രമേശ് റാവുവും അനന്തസുബ്രമണ്യവും ചിത്രത്തിൽ ഉണ്ട്. ഷര്‍ട്ടും പാന്റും ധരിച്ചാണ് അടൂര്‍ പ്രകാശ് ചിത്രത്തിലുള്ളത്.
അതേസമയം, അടൂർ പ്രകാശിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരെല്ലാം പ്രതിയാകുമോ എന്നായിരുന്നു വി.ഡി. സതീശൻ്റെ പ്രതികരണം. മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പുറത്ത് വന്നില്ലേ? കൂടുതൽ വിശദാംശങ്ങൾ അടൂർ പ്രകാശിനോട് ചോദിക്കണം എന്നും വി.ഡി. സതീശൻ പറഞ്ഞു.