കണ്ണൂർ: ഇതര കക്ഷികളുടെയോ വ്യക്തികളുടെയോ മുന്നണി പ്രവേശത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിസ്മയം അവകാശവാദത്തെ തള്ളി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഒരു വിസ്മയവും യുഡിഎഫ് അവകാശപ്പെട്ടിട്ടില്ല. പ്രതിപക്ഷ നേതാവ് പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. ജോസ് കെ. മാണിയുടെ മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചർച്ചയെന്നും അടൂർ പ്രകാശ് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ വിസ്മയങ്ങള്‍ ഉണ്ടാവുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അവകാശവാദം. യുഡിഎഫ് പ്ലാറ്റ്‌ഫോമിലേക്ക് എല്‍ഡിഎഫിലെയും എന്‍ഡിഎയിലെയും കക്ഷികളും നിഷ്പക്ഷരായ ആളുകളും വരും. അവര്‍ ആരൊക്കെയാണ് എന്ന് അറിയുന്നതിനായി കാത്തിരിക്കാനും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വി.ഡി. സതീശൻ്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു സിപിഐഎം മുൻ എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിലെത്തിയത്. ജോസ് കെ. മാണിയുടെ മുന്നണി മാറ്റം സംബന്ധിച്ചും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇടതുമുന്നണിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.