കൊല്ലം: 36 വർഷത്തെ സിപിഐഎം ബന്ധം അവസാനിപ്പിച്ച് അഡ്വ. ബി.എൻ. ഹസ്കർ. ഇനി ആർഎസ്‌പിയിൽ പ്രവർത്തിക്കുമെന്ന് അഡ്വ. ബി.എൻ. ഹസ്കർ ന്യൂസ് മലയാളത്തോട് പറഞ്ഞു. ചാനൽ ചർച്ചയിൽ സർക്കാരിനെ വിമർശിച്ചതിൻ്റെ പേരിൽ ഹസ്കറിനെ സിപിഐഎം നേതൃത്വം താക്കീത് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പാർട്ടി ബന്ധം അവസാനിപ്പിക്കുകയാണ് എന്ന് ബി.എൻ. ഹസ്കർ അറിയിച്ചത്.
കഴിഞ്ഞ ഏഴര കൊല്ലമായി മുഴുവൻ സമയയ പാർട്ടി പ്രവർത്തകനെ പോലെയാണ് താൻ പാർട്ടിക്ക് വേണ്ടി സംസാരിച്ചത്. പാർട്ടിയോ, ഭരണകൂടമോ ചെയ്ത തെറ്റുകളെ വിമർശിക്കുമ്പോൾ ആ വിമർശനങ്ങളെ ഉൾക്കൊള്ളുന്നതിനുള്ള സഹിഷ്ണുത ഇല്ലാത്തതാണ് ഇന്ന് പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ഹസ്കർ പറഞ്ഞു.
ഉള്ളിൽ നിന്ന് പറഞ്ഞു കൊണ്ടിരിക്കാൻ പറ്റില്ലെന്നും, ഒറ്റയ്ക്ക് നിന്ന് പോരാടാനുള്ള കരുത്ത് ഇല്ലെന്നും, തിരിച്ചറിഞ്ഞതോടെയാണ് പാർട്ടിക്ക് പുറത്തു കടന്നതെന്നും ഹസ്കർ വ്യക്തമാക്കി. വിചാരധാരയുടെ വെല്ലുവിളികളെ പ്രതിരോധിക്കാൻ വേണ്ടിയാണ് വലതുപക്ഷത്തേക്ക് കടന്നുചെല്ലുന്നത് എന്നും ഹസ്കർ കൂട്ടിച്ചേർത്തു.