അഡ്വ. ഹരീഷ് വാസുദേവൻ, പിടിയിലായ പ്രതി ഗോവിന്ദച്ചാമി 
KERALA

''ജയിലിന്റെ ഉറപ്പിലാണ് പ്രതിയുടെ തുടര്‍ ജീവിതവും നമ്മുടെ സുരക്ഷയും; കുറ്റവാളിയെ സൂക്ഷിക്കാനാവില്ലെങ്കില്‍ സര്‍ക്കാര്‍ ഈ പണി അവസാനിപ്പിക്കണം''

''കുറ്റവാളി ജയിലില്‍ കഴിയുമെന്ന ഉറപ്പിന്റെ ബലത്തിലും കൂടിയാണ് വധശിക്ഷയില്‍ നിന്ന് ജീവപര്യന്തമായി ഇളവ് ലഭിക്കുന്നത്''

Author : ന്യൂസ് ഡെസ്ക്

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് ജയില്‍ ചാടാന്‍ അധികൃതരുടെ സഹായം ലഭിച്ചിട്ടുണ്ടാവുമെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ജയില്‍ അധികൃതരുടെ സഹായവുമില്ലാതെ ഒരു പ്രതിക്കും ജയില്‍ ചാടാന്‍ പറ്റില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പതിവ് പോലെ വല്ല ജയില്‍ വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്തു സര്‍ക്കാര്‍ കൈകഴുകുമായിരിക്കുമെന്നും എന്നാല്‍ ഇത് സിസ്റ്റത്തിന്റെ കുഴപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ സൈ്വര്യജീവിതവും ഉറക്കവും കെടുത്തുന്ന വാര്‍ത്തയാണിത്. കുറ്റവാളി ജയിലില്‍ കഴിയുമെന്ന ഉറപ്പിന്റെ ബലത്തിലും കൂടിയാണ് വധശിക്ഷയില്‍ നിന്ന് ജീവപര്യന്തമായി ഇളവ് ലഭിക്കുന്നത്. സ്റ്റേറ്റിനെക്കൊണ്ട് അതിന് കഴിവില്ലെങ്കില്‍ തകരുന്നത് സ്റ്റേറ്റിന് മേലുള്ള വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

'ഗോവിന്ദസ്വാമി എന്ന കുറ്റവാളി ജയില്‍ ചാടി. (ഗോവിന്ദച്ചാമി അല്ല സ്വാമി ആണ്). സ്ത്രീകളുടെ സൈ്വര്യജീവിതവും ഉറക്കവും കെടുത്തുന്ന വാര്‍ത്തയാണ്. പതിവ് പോലെ വല്ല ജയില്‍ വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്തു സര്‍ക്കാര്‍ കൈകഴുകുമായിരിക്കും. കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ജയില്‍ അധികൃതരുടെ സഹായവും ഇല്ലാതെ ഒരു പ്രതിക്കും ജയില്‍ ചാടാന്‍ പറ്റില്ല. ജയിലിന്റെ സുരക്ഷ, ഭരണപരമായ കുഴപ്പങ്ങള്‍ എല്ലാം ചേര്‍ന്നാണ് ഒരാള്‍ക്ക് ചാടാന്‍ വഴി ഒരുക്കുന്നത്. അതൊരു ഉദ്യോഗസ്ഥന്റെ മാത്രം പിഴവാവില്ല സിസ്റ്റത്തിന്റെ പിഴവാണ്. ജയിലില്‍ കൈക്കൂലി ഉണ്ടെന്നത് അറിയാത്ത ഏക ആള്‍ക്കാര്‍ ചിലപ്പോള്‍ സര്‍ക്കാര്‍ ആയിരിക്കും,' ഹരീഷ് പറയുന്നു.

ഒരു കൊടും കുറ്റവാളിയെ ജയിലില്‍ സൂക്ഷിക്കാന്‍ പോലും പറ്റുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഈ പണി അവസാനിപ്പിച്ച് പോകണം. ജയില്‍ വകുപ്പ് മന്ത്രി രാജി വെച്ച് ആ ജോലിക്ക് പറ്റാവുന്ന ആരെയെങ്കിലും ഏല്‍പ്പിക്കണം. വധശിക്ഷ വേണമെന്ന പൊതുബോധം ഊട്ടിയുറപ്പിക്കാന്‍ മാത്രമല്ല, പൗരന്റെ സുരക്ഷയ്ക്ക് സ്റ്റേറ്റ് പരാജയമാണ് തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നതാണ് നല്ലത് എന്ന് തോന്നിപ്പിക്കുന്ന പൊതുബോധം ഉണ്ടാക്കാനേ ഇത്തരം വീഴ്ചകള്‍ ഉതകൂ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഒരിക്കല്‍ ജയില്‍ ചാടുന്ന ജീവപര്യന്ത തടവുകാരന്, ജീവിക്കാനുള്ള അവകാശം അയാള്‍ സ്വയം റദ്ദാക്കുകയല്ലേ? അത്തരം വ്യവസ്ഥ കൂടി നിയമത്തില്‍ കൊണ്ടുവരേണ്ടതല്ലേ? അതായത് വധശിക്ഷ വിധിക്കാവുന്ന കേസുകളില്‍ ജീവപര്യന്തതടവ് വിധിച്ചാല്‍, പിന്നീട് അയാളെ ജയില്‍ ചാടി പിടിച്ചാല്‍ വധശിക്ഷ എന്നത് നിയമത്തിന്റെ ഭാഗമാക്കേണ്ടേ എന്നും ഹരീഷ് വാസുദേവന്‍ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

'വധശിക്ഷ വേണ്ടെന്ന് വെയ്ക്കുന്നത്, സ്റ്റേറ്റിന് കൊടുംക്രിമിനലുകളെ മരിക്കുംവരെ ജയിലില്‍ സൂക്ഷിക്കാന്‍ പാങ്ങുണ്ട് എന്ന വിശ്വാസത്തിന്റെ പുറത്ത് മാത്രമാണ്. കുറ്റവാളി ജയിലില്‍ കഴിയുമെന്ന ഉറപ്പിന്റെ ബലത്തിലും കൂടിയാണ് വധശിക്ഷയില്‍ നിന്ന് ജീവപര്യന്തമായി ഇളവ് ലഭിക്കുന്നത്. ജയിലിന്റെ ഉറപ്പിലാണ് ആളുടെ തുടര്‍ജീവിതം - നമ്മുടെ സുരക്ഷയും. നിയമമല്ല - വെറും കോമണ്‍സെന്‍സ് ആണ് ഞാന്‍ പറയുന്നത്. സ്റ്റേറ്റിനെക്കൊണ്ട് അതിന് കഴിവില്ലെങ്കില്‍ തകരുന്നത് സ്റ്റേറ്റിന് മേലുള്ള വിശ്വാസമാണ്. ചാടി ഉടനടി പിടിച്ചാലും വധശിക്ഷയ്ക്കു വേണ്ടിയുളള വാദം ശക്തിപ്പെടുന്നതിനു കാരണമാകും. ഒരിക്കല്‍ ജയില്‍ ചാടുന്ന ജീവപര്യന്ത തടവുകാരന്, ജീവിക്കാനുള്ള അവകാശം അയാള്‍ സ്വയം റദ്ദാക്കുകയല്ലേ? അത്തരം വ്യവസ്ഥ കൂടി നിയമത്തില്‍ കൊണ്ടുവരേണ്ടതല്ലേ? അതായത് വധശിക്ഷ വിധിക്കാവുന്ന കേസുകളില്‍ ജീവപര്യന്തതടവ് വിധിച്ചാല്‍, പിന്നീട് അയാളെ ജയില്‍ ചാടി പിടിച്ചാല്‍ വധശിക്ഷ എന്നത് നിയമത്തിന്റെ ഭാഗമാക്കേണ്ടേ? പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട കാര്യമാണ്,' ഹരീഷ് വാസുദേവന്‍ പറയുന്നു.

SCROLL FOR NEXT