KERALA

"റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടിയത് പോലെ"; വിരുന്ന് വിവാദത്തിൽ വി.ഡി. സതീശനെതിരെ സിപിഐഎം

ജനങ്ങൾ പ്രാണഭയത്തിലായിരുന്നപ്പോൾ മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്നിൽ പങ്കെടുക്കുകയായിരുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ യൂത്ത് ലീഗ് നേതാവിൻ്റെ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി സിപിഐഎം. ജനങ്ങൾ പ്രാണഭയത്തിലായിരുന്നപ്പോൾ മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്നിൽ പങ്കെടുക്കുകയായിരുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

മഴ മുന്നറിയിപ്പ് നൽകുന്നതിലും ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലും ഗുരുതരമായ പാളിച്ച പറ്റിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത് എന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ മഴപെയ്ത പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നലെ രാവിലെ വരെ ഓറഞ്ച് അലേർട്ട് മാത്രമാണുണ്ടായിരുന്നത്. റെഡ് അലേർട്ട് പ്രഖ്യാപിക്കുമ്പോഴേക്കും പല പ്രദേശങ്ങളും വെള്ളത്തിലായിരുന്നുവെന്നത് കെടുകാര്യസ്ഥതയുടെ തെളിവാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

വി. ശിവൻകുട്ടിയുടെ പ്രതികരണം

നാട് ദുരന്തമുഖത്ത് പകച്ചുനിൽക്കുമ്പോൾ, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണാധികാരികളുടെ സന്നദ്ധതയും നിശ്ചയദാർഢ്യവുമാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമാകേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി ഇപ്പോൾ ചെയ്യേണ്ടത്.

എന്നാൽ, അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സൽക്കാരത്തിൽ പങ്കുചേരുകയാണ് മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ ചെയ്തത്. നാടൊട്ടുക്കും ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി "റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്" തുല്യമാണ്.

വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല. മറ്റു പരിപാടികൾ മാറ്റിവെച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടത്. രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും വന്നപ്പോൾ കേരളത്തെ മുന്നിൽ നിന്ന് നയിച്ച് ജനങ്ങൾക്ക് കരുത്തുപകർന്ന ക്യാപ്റ്റൻ ശ്രീ പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെ നാം കണ്ടതാണ്. ഇച്ഛാശക്തിയോടെ ഭരണം നടത്താൻ വി. ഡി. സതീശൻ പിണറായി വിജയനെ മാതൃകയാക്കാൻ തയ്യാറാകണം.

ആദ്യം അവിശ്വസനീയമായി തോന്നിയ ദൃശ്യങ്ങളാണ് മുഖ്യമന്ത്രിയുടേത് എന്ന് എ.എ. റഹീം എംപി പ്രതികരിച്ചു. സംസ്ഥാനം അതീവ ഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ജനങ്ങൾക്ക് ആത്മവിശ്വാസം പകരേണ്ടത് ഭരണാധികാരികളുടെ പ്രാഥമിക കടമയാണ്. എന്നാൽ, ഈ ഔദ്യോഗിക ഉത്തരവാദിത്തങ്ങളെല്ലാം മാറ്റിവെച്ച്, മലപ്പുറം പൊന്നാനിയിലെ ഒരു യൂത്ത് ലീഗ് നേതാവിന്റെ വീട്ടിൽ അതിഥിയായി എത്തി വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ സമയം ചെലവഴിക്കുന്നത് തികച്ചും അനുചിതവും അനവസരത്തിലുമായിപ്പോയി എന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.

SCROLL FOR NEXT