പി പ്രസാദ്, കൃഷി വകുപ്പ് മന്ത്രി  Source: News Malayalam 24x7
KERALA

"കേരളം ഭരിക്കുന്നത് വകുപ്പ് സെക്രട്ടറിമാർ അല്ല"; ആറന്മുള വിവാദ പദ്ധതിയിൽ പ്രതികരിച്ച് കൃഷി മന്ത്രി

കൃഷിവകുപ്പ് നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ് അതിൽ നിന്നും പിന്നോട്ടില്ലെന്ന് പി. പ്രസാദ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ആറന്മുള പദ്ധതി വിവാദത്തിൽ പ്രതികരിച്ച് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ന്യൂസ് മലയാളം വാർത്തയിലൂടെയാണ് കാര്യങ്ങൾ അറിഞ്ഞത്. ആറന്മുളയിൽ നടത്തുന്ന പുതിയ നീക്കത്തെ പറ്റി ഗൗരവമായി അന്വേഷിക്കണം. നിയമത്തെ അട്ടിമറിക്കുന്ന ഒരു നിലപാടിനൊപ്പം സർക്കാർ നിൽക്കില്ല. കൃഷിവകുപ്പ് നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ് അതിൽ നിന്നും പിന്നോട്ടില്ലെന്ന് പി. പ്രസാദ് പറഞ്ഞു.

അഡീഷണൽ സെക്രട്ടറിയുടെ നിലപാടിനോട് യോജിക്കുന്നില്ല. സംസ്ഥാനത്ത് നിലനിൽക്കുന്നത് ഉദ്യോഗസ്ഥ ഭരണമല്ല, മറിച്ച് ജനാധിപത്യ ഭരണമാണ് നിലനിൽക്കുന്നത്. നിലവിലുള്ള നിയമത്തെക്കുറിച്ച് ധാരണയും ബോധ്യവും ഇല്ലാത്ത ഉദ്യോഗസ്ഥരാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഇത്തരം തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നതിനു പിന്നിൽ മറ്റെന്തോക്കെയോ കാര്യങ്ങൾ അവരെ ഭരിക്കുകയാണ്. ചട്ടങ്ങൾക്കും വ്യവസ്ഥകൾക്ക് അനുസരിച്ചു മാത്രമേ ഏത് കാര്യവും നടപ്പിലാക്കാൻ അനുവദിക്കുകയുള്ളൂ. നിയമത്തിന് അപ്പുറമുള്ള ശക്തികളാണോ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നത് എന്ന് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വിമാനത്താവളത്തിനായി അനധികൃതമായി നികത്തിയ ഭൂമിയിൽ ഒരു പദ്ധതിക്കും അനുമതി നൽകില്ല. ആറന്മുളയിലെ നെൽ വയലുകൾക്ക് പരിസ്ഥിതി പ്രാധാന്യം ഏറെയാണെന്നും മന്ത്രി പറഞ്ഞു. അന്ന് ഗ്രീൻ ട്രൈബ്യൂണൽ കോടതിയിൽ നിന്നും അനുകൂല വിധി നേടിയത് നിലവിലെ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നുവെന്നും മന്ത്രി അറിയിച്ചു.

അങ്ങനെ നിയമപരിരക്ഷ ലഭിച്ച കാര്യത്തിൽ കുറുക്കുവഴിയിലൂടെ മാറ്റം കൊണ്ടുവരാൻ നോക്കുന്നത് മിഥ്യാ മോഹങ്ങൾ മാത്രമാണ്. വകുപ്പ് സെക്രട്ടറിമാർ അല്ല കേരളം ഭരിക്കുന്നത്. അവർ ഞങ്ങളൊക്കെ പറയുന്നത് അനുസരിച്ച് കാര്യങ്ങൾ നോക്കാൻ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ മാത്രമാണ്. അല്ലാതെ കേരളത്തിൽ ഉദ്യോഗസ്ഥ ഭരണസംവിധാനം അല്ലെന്നും മന്ത്രി പറഞ്ഞു.

2018ലെയും 19 ലെയും പ്രളയ പാഠങ്ങൾ കൂടി മനസ്സിലാക്കിക്കൊണ്ട് വേണം ഉദ്യോഗസ്ഥർ ഇത്തരം റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടത്. ഏത് റിപ്പോർട്ട് തയ്യാറാക്കിയാലും അത് ഭരണ സംവിധാനത്തിൻ്റെ മുന്നിലാണ് എത്തുന്നത്. ഒരു കാരണവശാലും ആറന്മുളയിൽ നിയമവിരുദ്ധമായ ഒരു പ്രവർത്തനത്തെയും അംഗീകരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, നെൽവയൽ നികത്തിയുള്ള ഒരു പദ്ധതിയെയും അംഗീകരിക്കില്ലെന്ന് ആറന്മുള സമരസമിതി പ്രസിഡൻ്റ് പി. ഇന്തുചൂടൻ പ്രതികരിച്ചു.വ്യവസായം വളരുന്നതിന് എതിർപ്പില്ല,അതിനെ സ്വാഗതം ചെയ്യുന്നു. സർക്കാരിൻ്റെ ഇപ്പോഴത്തെ നീക്കം വ്യവസായം വളരണം എന്ന ഉദ്ദേശത്തോടെയുള്ളതാകാമെന്നും എന്നാൽ നെൽവയൽ നികത്താൻ അനുവദിക്കില്ലെന്നും പി. ഇന്ദുചൂടൻ അറിയിച്ചു.

വിവാദ പദ്ധതിയിൽ ഐടി സെക്രട്ടറിയുടെ നീക്കം സംശയാസ്പദമെന്ന് സിപിഐ. വിഷയത്തിൽ അന്വേഷണം വേണമെന്നും വി. എസ്. സുനിൽ കുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു. നെൽവയൽ നികത്തിയുള്ള വികസനം അനുവദിക്കില്ലെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി. പദ്ധതിയെ എന്ത് വില കൊടുത്തും എതിർക്കുമെന്നാണ് സമരസമിതിയുടെ നിലപാട്.

ന്യൂസ് മലയാളം ബിഗ് ബ്രേക്കിങ്

വാർത്ത പുറത്തു വന്നതിന് പിന്നാലെ ആറന്മുളയിലെ പൊതുജനങ്ങൾ പദ്ധതിക്കെതിരായി ശക്തമായ നിലപാടെടുക്കുമെന്ന് ആറന്മുള പൈതൃക ഗ്രാമ കർമസമിതി അംഗം സുരേഷ് പദ്ധതി പുനരാരംഭിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭത്തിലൂടെ നിയമപരമായി നേരിടും. പൊതുജനത്തിൻ്റെ അഭിപ്രായത്തെ മറികടന്നു കൊണ്ട് ഒരു പദ്ധതിയും നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും സുരേഷ് അറിയിച്ചു.

സർക്കാർ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് കരുതുന്നില്ല. ഇടതുപക്ഷ നേതാക്കൾ ഉൾപ്പെടെ സമരത്തെ പിന്തുണച്ചവരാണ്. സ്ഥലത്ത് വിത്തിട്ടത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വീണാ ജോർജുമാണ്. ആ രാഷ്ട്രീയ നേതൃത്വം ഇങ്ങനെയൊരു മണ്ടത്തരം ചെയ്യുമെന്ന് കരുതുന്നില്ലെന്നും സുരേഷ് പറഞ്ഞു. കമ്പനിയുടെ ഭാഗത്ത് നിന്നുമുള്ള സമ്മർദവും ഉദ്യോഗസ്ഥ തലത്തിലെ നീക്കവും ആയിരിക്കാം ഇപ്പോൾ ഉണ്ടാകുന്നതെന്നും സുരേഷ് പറഞ്ഞു.

റവന്യു, കൃഷി വകുപ്പുകളുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് ആറന്മുള വിവാദ പദ്ധതിയുടെ ധ്യത തേടി ഐടി സ്പെഷ്യൽ സെക്രട്ടറി കളക്ടറോട് റിപ്പോർട്ട് തേടിയത്. ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

നെൽവയൽ സംരക്ഷണ നിയമം കാറ്റിൽ പറത്തുന്നതും ജലസംരക്ഷണത്തിന് ഭീഷണി ഉണ്ടാക്കുന്നതുമായ ഈ പദ്ധതിയാണിത്. ഇത് ഒരുതരത്തിലും അംഗീകരിക്കാൻ പറ്റില്ലെന്നും മന്ത്രിമാർ നിലപാടെടുത്തിരുന്നു. എന്നിട്ടും ഐടി സ്പെഷ്യൽ സെക്രട്ടറി ഇത്തരമൊരു നീക്കം നടത്തിയതിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന ആരോപണമാണ് ഉയരുന്നത്.

SCROLL FOR NEXT