തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസിൽ ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭ സമ്മേളനത്തിൽ പങ്കെടുപ്പിക്കേണ്ടെന്ന കെപിസിസി തീരുമാനം എഐസിസി അംഗീകരിച്ചു. രാഹുലിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ കടുത്ത നിലപാട് ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. സഭയിൽ പാർട്ടി വിപ്പ് ബാധകമെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കുനാൽ ഘോഷ് എംപിയെ ടിഎംസി സസ്പെൻ്റ് ചെയ്തിന് ശേഷവും വിപ്പ് നൽകിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഹൈക്കമാൻഡിൻ്റെ പ്രതികരണം. ഇത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ നിലപാടിനുള്ള അംഗീകാരം കൂടിയാകും.
അതേസമയം, നവമാധ്യമങ്ങളിലൂടെ നേതാക്കൾക്ക് നേരെ ഉയർന്ന അധിക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും അയവ് വന്നുവെന്നതും ശ്രദ്ധേയമാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നടപടി സ്വീകരിച്ച ശേഷം വി.ഡി. സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾക്കെതിരെ സൈബർ ഇടങ്ങളിൽ വ്യക്തി അധിക്ഷേപം തുടരുകയായിരുന്നു. സൈബറിടത്തെ ആക്രമണം തുടർന്നാൽ രാഹുലിനെതിരെയുള്ള പരാതികളുടെ തെളിവുകളടക്കം അണികളെ ബോധിപ്പിക്കും എന്നുള്ള നേതാക്കളുടെ നിലപാടാണ് അതിന് കാരണം.
ഇതോടെ പല കോൺഗ്രസ് അനുകൂല സൈബർ ഗ്രൂപ്പുകളും രാഹുലിനെതിരെ രംഗത്തെത്തി. മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദ സന്ദേശം രാഹുലിന്റെ അല്ലെങ്കിൽ അത് രാഹുൽ തുറന്നു പറയണം. വ്യാജവാർത്ത പുറത്തുവിട്ടതിന് മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കണം. അതിനുശേഷം ആകണം നിയമസഭയിലേക്ക് പോകേണ്ടത്. തനിക്കുവേണ്ടി വാദിക്കുന്ന പ്രവർത്തകരോട് എങ്കിലും ഉള്ളത് പറയണമെന്നാണ് ഫേയ്സ് ബുക്ക് പോസ്റ്റ് പറയുന്നു. ഇതോടെ നേതാക്കൾക്കൊപ്പം സൈബർ പോരാളികൾക്കിടയിലും രാഹുൽ മാങ്കൂട്ടത്തിൽ ഒറ്റപ്പെടുകയാണ്. രാഹുൽ സഭാ സമ്മേളനത്തിൽ എത്താതിരിക്കുന്നതോടെ സർക്കാരിനെതിരെ കൂടുതൽ ശക്തമായ ആക്രമണം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.