പാലക്കാട്: ജമാഅത്തെ ഇസ്ലാമി വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എ.കെ. ബാലൻ. ജമാഅത്തെ ഇസ്ലാമിയെ ഒപ്പം കൂട്ടുന്നത് പ്രതിപക്ഷ നേതാവാണെന്ന് എ.കെ. ബാലൻ പറഞ്ഞു. ഈ കൂട്ടുകെട്ടിനോട് മുസ്ലീം ലീഗോ ബൗദ്ധിക മുസ്ലീം സംഘടനകളോ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. മാറാട് വിഷയത്തിൽ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ച് വർഗീയവിഷം ചീറ്റുന്ന പ്രയോഗങ്ങൾ പ്രതിപക്ഷ നേതാവ് നടത്തിയെന്നും എ.കെ. ബാലൻ വിമർശിച്ചു. 'മാരീചന്മാരെ തിരിച്ചറിയുക' എന്ന തലക്കെട്ടിൽ ദേശാഭിമാനി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് എ.കെ. ബാലൻ്റെ വിമർശനം.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും മാറാടുകള്‍ ആവര്‍ത്തിക്കുമെന്നുമായിരുന്നു എ.കെ. ബാലൻ്റെ വിവാദ പ്രസ്താവന. "യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും. അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കും. ഒന്നാം മാറാട്, രണ്ടാം മാറാട്, തലശേരി കലാപത്തിന്റെ സമയങ്ങളില്‍ അവര്‍ നോക്കി നിന്നു. അവിടെ ജീവന്‍ കൊടുത്ത് നേരിട്ട പ്രസ്ഥാനമാണ് എൻ്റേത്. ജമാഅത്തെ ഇസ്ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്" എന്നായിരുന്നു എ.കെ. ബാലൻ്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ യുഡിഎഫ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ പറഞ്ഞത് തെറ്റായി വളച്ചൊടിക്കപ്പെട്ടുവെന്നും പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും എ.കെ. ബാലന്‍ പറഞ്ഞിരുന്നു.