വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ Source: Screen Grab/ News Malayalam 24x7
KERALA

"വാക്കുകൾ വളച്ചൊടിച്ചു"; 'ഗൂഢാലോചനാ' വാദത്തില്‍ മലക്കം മറിഞ്ഞ് ശശീന്ദ്രന്‍

നിലമ്പൂരില്‍ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ കുട്ടിയുടെ മരണത്തിന് ശേഷം നടന്ന പ്രതിഷേധത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചതെന്ന് വനം മന്ത്രി

Author : ന്യൂസ് ഡെസ്ക്

നിലമ്പൂരില്‍ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിൽ 'രാഷ്ട്രീയ ഗൂഢാലോചന' ഉണ്ടെന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. കുട്ടിയുടെ മരണത്തിന് ശേഷം നടന്ന പ്രതിഷേധങ്ങളില്‍ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചത് എന്നാണ് വനം മന്ത്രിയുടെ വിശദീകരണം. തൻ്റെ വാക്കുകൾ വളച്ചൊടിച്ചെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് ശ്രമിക്കുന്നതായി സംശയിക്കുന്നതായാണ് പറഞ്ഞത്. എന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമത്തില്‍ മാധ്യമങ്ങള്‍ ദയവായി പങ്കെടുക്കരുത്
എ.കെ. ശശീന്ദ്രന്‍

കുട്ടി ഷോക്കേറ്റ് മരിച്ച സംഭവം വീണുകിട്ടിയ അവസരമാണോ, അവസരം ഉണ്ടാക്കിയതാണോ എന്ന സംശയം ചിലർ ഉന്നയിക്കുന്നതായാണ് കഴിഞ്ഞ ദിവസം മന്ത്രി ചൂണ്ടിക്കാട്ടിയത്. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട മന്ത്രി വനം വകുപ്പിന്റെ ഭാഗത്തു പിഴവുണ്ടെങ്കിൽ അതും പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. നിലമ്പൂരുക്കാർ അറിയുന്നതിന് മുൻപെ മലപ്പുറത്ത് പ്രകടനം നടന്നത് എങ്ങനെ? സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതിൽ തെറ്റില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ നിലമ്പൂരിലെ ജനങ്ങളെ സർക്കാരിന് എതിരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 'ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ' എന്ന് വരുത്തി തീർക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇതും സർക്കാരിനെതിരായ ക്യാംപയിനിന്റെ ഭാഗമാണെന്നായിരുന്നു മന്ത്രിയുടെ ഇന്നലത്തെ ആരോപണം.

അതേസമയം, നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് 15കാരൻ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് ജില്ലാ ക്രൈം ബ്രാഞ്ച്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ റിമാൻഡിലുള്ള മുഖ്യപ്രതി വിനീഷിന്‍റെ ഫോണ്‍ രേഖകള്‍ ശേഖരിക്കും. വൈദ്യുതി വകുപ്പിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. നിലമ്പൂർ അപകടം ഉപതെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ ആയുധമാക്കുകയാണ് മുന്നണികൾ.

SCROLL FOR NEXT