ജനപ്രിയ സാഹിത്യം പിന്തള്ളപ്പെട്ടു പോകുന്ന കാലത്ത് റാം കെയർ ഓഫ് ആനന്ദിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നൽകിയ ജൂറിക്ക് നന്ദി ഉണ്ടെന്ന് പുരസ്കാര ജേതാവ് അഖിൽ പി. ധർമജൻ. വിമർശനങ്ങൾക്ക് കാരണം മുതിർന്ന എഴുത്തുകാരുടെ വായനയുടെ ആഴമെന്നും ഇന്ദു മേനോൻ്റെ അഭിപ്രായം അല്പം കടന്നു പോയതായും അഖിൽ അഭിപ്രായപ്പെട്ടു. പുതിയ വായനക്കാരെ സാഹിത്യ ലോകത്ത് എത്തിക്കാൻ തൻ്റെ പുസ്തകത്തിനായി എന്നു വിശ്വസിക്കുന്നുവെന്നും അഖിൽ പി. ധർമജൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരങ്ങള്‍ സാഹിത്യലോകത്ത് വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചത്. വിവിധ ഭാഷകളില്‍ നിന്നുള്ള 23 കൃതികള്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. മലയാളത്തില്‍ അഖില്‍ പി. ധര്‍മജന് പുരസ്‌കാരം നല്‍കിയതിലാണ് ഒരു വിഭാഗം എഴുത്തുകാർ വിമർശനം ഉന്നയിച്ചത്. പുരസ്കാരത്തിന് അർഹമായി അഖിലിന്റെ 'റാം കെയര്‍ ഓഫ് ആനന്ദി' എന്ന നോവലിന്റെ 'സാഹിത്യ മേന്മ'യെ ചൊല്ലിയായിരുന്നു ഒരു വിഭാഗം എഴുത്തുകാരുടെ വിമർശനം.
അഖിലിനെ വിമർശിച്ചും ആശംസിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്. വിപണിയില്‍ വിജയിച്ചു എന്നതല്ലാത്ത യാതൊരു മേന്മയും ഈ കൃതിക്കില്ലെന്നും ഇത്തരം പുസ്തകങ്ങളെ ആദരിക്കുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്നുമായിരുന്നു കവി കല്‍പ്പറ്റ നാരായണന്റെ പ്രതികരണം. അസുഖകരമായൊരു പ്രവണതയുടെ തുടക്കമാണിതെന്നും കല്‍പ്പറ്റ പറഞ്ഞു. "മുത്തുച്ചിപ്പിയിൽ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാർഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കണം," എന്നായിരുന്നു എഴുത്തുകാരി ഇന്ദു മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പിന്നാലെ, അഖിൽ പി. ധർമജന് അവാർഡ് കിട്ടിയതിൽ തനിക്ക് ഒരു അനിഷ്ടവുമില്ലെന്ന് അറിയിച്ച് ഇന്ദു മേനോൻ രംഗത്തെത്തി. ഇത്തരം ഒരു കൃതി സമകാലിക മലയാള സാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്നതാണെന്ന വിലയിരുത്തൽ പ്രതിഷേധാർഹമാണ്. ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്നതുകൊണ്ടോ വാങ്ങുന്നതുകൊണ്ടോ അത് ഏറ്റവും നല്ല കൃതിയാണെന്ന് അഭിപ്രായം തനിക്കില്ലെന്നും ഇന്ദു മേനോൻ പറഞ്ഞു. ജനപ്രിയ സാഹിത്യങ്ങൾക്ക് അവാർഡ് കൊടുക്കണമെങ്കിൽ ഏറെ യോഗ്യർ ജോയ്സിയും കോട്ടയം പുഷ്പനാഥുമായിരിക്കുമെന്നും ഇന്ദു മേനോൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.