Source: News Malayalam 24X7
KERALA

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയ്ക്ക് തൂക്കുകയർ കിട്ടണമെന്ന് കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റേയും മകൾ

എല്ലാവരെയും നഷ്ടപ്പെട്ടതിന്റെ വിഷമം തങ്ങൾക്കുണ്ടെന്നും അഖില പറഞ്ഞു

Author : ശാലിനി രഘുനന്ദനൻ

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ ഇരട്ടക്കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ആദ്യ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് പ്രതി ചെന്താമര. പ്രതിക്ക് തൂക്കുകയർ തന്നെ കിട്ടണമെന്നാണ് കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റെയും മകൾ അഖില പ്രതികരിച്ചത്. എല്ലാവരെയും നഷ്ടപ്പെട്ടതിന്റെ വിഷമം തങ്ങൾക്കുണ്ടെന്നും അഖില പറഞ്ഞു. സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൻറെ വിചാരണ നടപടികൾ അടുത്തമാസം ആരംഭിക്കും. 

2025 ജനുവരി 27 നായിരുന്നു പ്രതി ചെന്താമര അയൽക്കാരായ സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയായിരുന്നു ഇരട്ടക്കൊലപാതകം. കേസിൻ്റെ 60-ാം ദിവസം കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളുണ്ട്. 30 ലേറെ ശാസ്ത്രീയ തെളിവുകൾക്ക് പുറമെ ലക്ഷ്‌മിയെ വെട്ടിക്കൊല്ലുന്നത് കണ്ട ദൃക്ഷസാക്ഷിയുടെ മൊഴിയും നിർണായകം.

സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 68 സാക്ഷികളുള്ള കുറ്റപത്രമാണ് 2020ൽ സജിത വധക്കേസിൽ കോടതിയിൽ സമർപ്പിച്ചത്. 2025 ഓഗസ്റ്റ് 4നാണ് സാക്ഷിവിസ്താരം ആരംഭിച്ചത്. ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചിരുന്നു. അയൽവാസിയായിരുന്ന സജിതയെ 2019 ഓഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

തൻ്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. ഈ കേസിൽ പരോളിൽ ഇറങ്ങിയപ്പോൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയിരുന്നു. ജനുവരി 27നാണ് നെന്മാറ പോത്തുണ്ടിയില്‍ സുധാകരനെയും ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

SCROLL FOR NEXT