എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആവശ്യത്തെ സ്വാഗതം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ആലപ്പുഴയിലാണ് എയിംസ് ആവശ്യമെന്ന മുന്‍ നിലപാട് കെ.സി. വേണുഗോപാൽ ആവര്‍ത്തിച്ചു. എന്നാൽ ആലപ്പുഴയിലല്ല, കോഴിക്കോടാണ് എയിംസ് വേണ്ടതെന്ന നിലപാടിലാണ് സിപിഐഎം. സുരേഷ് ഗോപിയുടെ അഭ്യസം ആലപ്പുഴയിൽ വേണ്ടെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു.
ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആവശ്യത്തിൽ ബിജെപിക്കുള്ളിൽ അഭിപ്രായ ഭിന്നത നിലനിൽക്കെയാണ് കെ.സി. വേണുഗോപാല്‍ തന്‍റെ മുന്‍ നിലപാട് ആവര്‍ത്തിച്ചത്. സുരേഷ് ഗോപിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
എന്നാൽ സംസ്ഥാന സർക്കാർ സ്ഥലം കണ്ടെത്തിയിരിക്കുന്ന കോഴിക്കോട് കിനാലൂരിൽ തന്നെ എയിംസ് അനുവദിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. എല്ലാ ജില്ലകളും എയിംസിന് അനുയോജ്യമാണെന്നും പ്രാദേശിക വാദം ഉയർത്താനുള്ള സുരേഷ് ഗോപിയുടെ അഭ്യാസം ആലപ്പുഴയിൽ വേണ്ടെന്നും മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. അതിനിടെ എയിംസ് ആലപ്പുഴയിൽ തന്നെ വരണമെന്ന ആവശ്യവുമായി എൽഡിഎഫ് എംഎൽഎ തോമസ് കെ.തോമസ് രംഗത്തെത്തി.
അതേസമയം, സുരേഷ് ഗോപിയുടെ അഭിപ്രായം വ്യക്തിപരമായി കണ്ടാൽ മതിയെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ബിജെപി നേതാക്കള്‍.