ആലപ്പുഴ: നവകേരള യാത്രയിലെ രക്ഷാപ്രവർത്തന കേസിൽ പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷ വിമർശനം. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ റിപ്പോർട്ട് എവിടെയെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകാത്തതിലും കോടതി വിമർശനം ഉന്നയിച്ചു. വാർത്ത ഉണ്ടാക്കിയിട്ട് കാര്യമില്ല, കോടതിക്ക് വേണ്ടത് വസ്‌തുതാപരമായ റിപ്പോർട്ടാണെന്നും കോടതി വ്യക്തമാക്കി.
കേസിലെ പ്രധാന പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലെ ഉദ്യോഗസ്ഥനായ എസ്. സന്ദീപ് എന്നിവരാണ് കോടതിയെ സമീപിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ ഈ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും പരാതിക്കാരുടേയും ദൃക്‌സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
രാഷ്ട്രീയ പ്രേരിതമായാണ് കേസ് വീണ്ടും അന്വേഷിക്കുന്നതെന്നാണ് പ്രതികൾ കോടതിയിൽ ഉന്നയിക്കുന്ന പ്രധാനവാദം. സെഡ് പ്ലസ് സെക്യൂരിറ്റിയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക എന്ന കൃത്യനിർവഹണം മാത്രമാണ് തങ്ങൾ ചെയ്തതെന്നും അതിനാൽ അറസ്റ്റ് തടയണമെന്നുമാണ് ഇവർ ഹർജിയിൽ ആവശ്യപ്പെടുന്നത്.