KERALA

ആലപ്പുഴയില്‍ പ്രളയം ദുരിതം വിതച്ചിട്ട് 50 ദിവസം; സര്‍ക്കാരിന്റെ അടിയന്തര ദുരിതാശ്വാസ സഹായം പോലും കിട്ടാതെ അനേകര്‍

ദുരിതാശ്വാസത്തിനായി അപേക്ഷ നൽകിയ 48,000 കുടുംബങ്ങളിൽ 7000 പേർക്ക് മാത്രമാണ് തുക കൈമാറിയത്‌

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴയിൽ പ്രളയം ദുരിതം വിതച്ച് 50 ദിവസങ്ങൾ പിന്നിടുമ്പോഴും, സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ദുരിതാശ്വാസ സഹായം എങ്ങുമെത്തിയിട്ടില്ല. വീട്ടില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും അടിയന്തര ധനസഹായമായി 10,000 രൂപയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 12 മുതല്‍ സഹായം എല്ലാവരിലേക്ക് എത്തിക്കുമെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാനും വാഗ്‌ദാനം ചെയ്തിരുന്നു. എന്നിട്ടും, ദുരിതാശ്വാസത്തിനായി അപേക്ഷ നൽകിയ 48,000 കുടുംബങ്ങളിൽ 7000 പേർക്ക് മാത്രമാണ് തുക കൈമാറിയത്‌.

ഓഗസ്‌റ്റ് ആദ്യവാരം സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടർന്ന് വീടുകളിൽ വെള്ളം കയറിയപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു: വില്ലേജ് ഓഫീസര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും റിപ്പോര്‍ട്ട് അനുസരിച്ച്, വീട്ടില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും 10,000 രൂപ നല്‍കും. വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക്, ആറ് ലക്ഷം രൂപ സ്ഥലം വാങ്ങാനും വീട് വയ്ക്കാന്‍ നാല് ലക്ഷം രൂപയുമാണ് നേരത്തെ നല്‍കിവന്നിരുന്നത്. അത് 12 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വെള്ളം കയറി കടകള്‍ നശിച്ചവര്‍ക്ക് 10,000 രൂപ പ്രത്യേകമായി കൊടുക്കും.

പ്രളയത്തില്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്‌ടമുണ്ടായത്. കുട്ടനാട്ടില്‍ മാത്രം 40,000 വീടുകളില്‍ വെള്ളംകയറി എന്നാണ് കണക്ക്. പക്ഷേ, മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് വീട്ടിലേക്ക് മടങ്ങിയ ഏറെപ്പേര്‍ക്കും ഇനിയും അടിയന്തര സഹായം പോലും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ സഹായത്തിനായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ദുരിതബാധിതർ. ദുരിതാശ്വാസത്തിനായി അപേക്ഷ നൽകിയ 48,000 കുടുംബങ്ങളിൽ 7000 പേർക്ക് മാത്രമാണ് തുക കൈമാറിയത്‌.

പ്രളയ ബാധിതരെ കണ്ടെത്തുന്നതിലും ആശയക്കുഴപ്പമുണ്ടെന്നാണ് ആക്ഷേപം. ഫീൽഡ് പരിശോധനയ്ക്ക് റവന്യു വകുപ്പിലെ ആൾക്ഷാമം സൃഷ്ടിക്കുന്ന പ്രതിസന്ധി വലുതാണ്. വ്യക്തികളുടെ അക്കൗണ്ട് അടക്കമുള്ള വിവരങ്ങളുടെ സൂക്ഷ്മപരിശോധനക്കായി സമയം വേണ്ടിവരും എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വില്ലേജിലെയും താലൂക്കിലെയും പരിശോധന കഴിഞ്ഞാലും കലക്ടറേറ്റിലെ രണ്ട് ഘട്ടങ്ങളുള്ള നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കിയാൽ മാത്രമേ ദുരിത ബാധിതർക്ക് തുക ലഭിക്കൂ. ഒരുദിവസം പരമാവധി 1200ൽ കൂടുതൽ ബില്ലുകൾ പാസാക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.

SCROLL FOR NEXT