അനിൽകുമാർ, കപ്പൽ മുങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ Source: X/@TrueCrimeUpdat
KERALA

ഹൂതി ആക്രമണത്തിൽ ചെങ്കടലിൽ മുങ്ങിയ കപ്പലിലെ മലയാളി സുരക്ഷിതൻ; പത്തിയൂർ സ്വദേശി അനിൽ കുമാർ കുടുംബത്തോട് സംസാരിച്ചു

നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏതാനും ദിവസങ്ങൾക്കുള്ളിൽ അനിൽ വീട്ടിലേക്ക് മടങ്ങും

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ കാണാതായെന്ന് സംശയിച്ച മലയാളി സുരക്ഷിതൻ. ആലപ്പുഴ പത്തിയൂർ സ്വദേശി അനിൽ കുമാർ വീട്ടിലേക്ക് ഫോൺ വിളിച്ച് സംസാരിച്ചു. ഇപ്പോൾ യമനിലാണ് ഉള്ളതെന്നും സുരക്ഷിതനാണെന്നും അനിൽകുമാർ ഭാര്യ ശ്രീജയോട് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏതാനും ദിവസങ്ങൾക്കുള്ളിൽ അനിൽ വീട്ടിലേക്ക് മടങ്ങും.

ഈ മാസം ഏഴാം തീയതി വൈകിട്ടാണ് എറ്റേണിറ്റി സി എന്ന ഗ്രീക്ക് എന്ന ചരക്ക് കപ്പലിന് നേരെ യമനിലെ തുറമുഖത്തിന് സമീപം ആക്രമണം ഉണ്ടായത്. 21 പേരായിരുന്നു എറ്റേണിറ്റി സി ചരക്കുകപ്പലിലുണ്ടായിരുന്നത്. കപ്പലിൽ ഇന്ത്യക്കാരായി അനിൽകുമാറും തിരുവനന്തപുരം പാറശ്ശാല സ്വദേശി അഗസ്ത്യനും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

അഗസ്ത്യൻ ഉൾപ്പെടെ ആറുപേരെ യൂറോപ്യന്‍ നാവികസേന രക്ഷപെടുത്തിയിരുന്നു. അപകടത്തിന് ശേഷം അനിൽകുമാറിനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാഞ്ഞതോടെ പരാതിയുമായി ഭാര്യ രംഗത്തെത്തി. തുടർന്നാണ് അനിൽ കുമാർ സുരക്ഷിതനാണെന്ന് കണ്ടെത്തിയത്.

ലൈബീരിയന്‍ പതാക വഹിച്ചുകൊണ്ട് ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട കപ്പലായിരുന്നു എറ്റേണിറ്റി സി. ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ ജീവനക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഹൂതികളുടെ ആക്രമണം. ഇസ്രയേല്‍ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ കപ്പല്‍ ആക്രമിച്ചെന്ന് ഹൂതി വക്താവ് യഹിയ സാരി പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇസ്രയേല്‍ തുറമുഖത്തേക്ക് നീങ്ങുന്ന കപ്പലായതിനാലാണ് ആക്രമിച്ചതെന്നും യഹിയ സാരി പറയുന്നു.

SCROLL FOR NEXT