KERALA

ആലപ്പുഴ നഗരസഭയും ജില്ലയിലെ എട്ടു പഞ്ചായത്തുകളും ആര് ഭരിക്കും? അനിശ്ചിതത്വം തുടരുന്നു

ഭരണം പിടിക്കാൻ വർഗീയ കക്ഷികളുമായി യാതൊരുവിധ ധാരണയും ഇല്ലെന്നാണ് യുഡിഎഫിൻ്റെയും എൽഡിഎഫിൻ്റെയും തീരുമാനം.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോൾ എൽഡിഎഫിന് നേരിയ ആശ്വാസം നൽകിയത് ആലപ്പുഴയാണ്. എന്നാൽ മുന്നണികൾക്ക് കേവല ഭൂരിപക്ഷമില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾ ആര് ഭരിക്കുമെന്ന അനിശ്ചിതത്വം തുടരുകയാണ്. നഗരസഭയിൽ സ്വതന്ത്രൻ ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തിൽ തീരുമാനമായാൽ പ്രതിസന്ധിക്ക് വിരാമമാകും.

12 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിടത്ത് എൽഡിഎഫും, നാലിടത്ത് യുഡിഎഫും ആണ്. കൂടാതെ യുഡിഎഫും എൽഡിഎഫും തുല്യസീറ്റുകൾ നേടിയ വെളിയനാട് ബ്ലോക്ക് പഞ്ചായത്തിൽ ആവട്ടെ നറുക്കെടുപ്പിലുടെയാകും ഭരണം നിർണയിക്കുക. 72 പഞ്ചായത്തുകളിൽ ഏഴ് എണ്ണത്തിലാണ് അനിശ്ചിതത്വം നിലനിൽക്കുന്നത്.

വള്ളികുന്നം, ചേപ്പാട്, ചെറിയനാട്, കരുവാറ്റ, മാവേലിക്കര താമരക്കുളം, പാലമേൽ പഞ്ചായത്തുകളിൽ യുഡിഎഫിനും എൽഡിഎഫിനും തുല്യ സീറ്റുകളാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ വ‍ർഗീയ കക്ഷികളുടെ പിന്തുണ വേണ്ടെന്ന നിലപാടിലാണ് ഇരുമുന്നണികളും ഉള്ളത്. യുഡിഎഫും എൻഡിഎയും തുല്യ സീറ്റുകൾ നേടിയ ചേന്നം പള്ളിപ്പുറം, തകഴി പഞ്ചായത്തുകളിൽ അടക്കം അധ്യക്ഷ വോട്ടെടുപ്പ് ദിവസം വരെ സസ്പെൻസ് തുടരും.

എൻഡിഎ ഇത്തവണ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിച്ച അഞ്ച് പഞ്ചായത്തുകളിലും ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. എന്നാൽ ഇവിടങ്ങളിൽ ഭരണം പിടിക്കാനാകുമോ എന്നാണ് ഇനി അറിയേണ്ടത്. കഴിഞ്ഞ തവണ എൻഡിഎയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ ചില പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫും കൈകോ‍‍ർ‍ത്തിരുന്നു. ഇത്തവണ എൻഡിഎയെ അകറ്റി നിർത്താൻ ഇതേ തന്ത്രം മുന്നണികൾ പ്രയോഗിച്ചാൽ അത് എൻഡിഎയ്ക്ക് വെല്ലുവിളിയാകും.

SCROLL FOR NEXT