KERALA

കായംകുളം ആൾക്കൂട്ടക്കൊല: മുഴുവൻ പ്രതികളും അറസ്റ്റിൽ; പൊലീസ് പിടികൂടിയത് സാഹസികമായി

കൊലപാതകം നടന്ന് മൂന്നുദിവസം കഴിഞ്ഞാണ് മുഴുവൻ പ്രതികളെയും പിടികൂടുന്നത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: കായംകുളത്ത് അമ്പതുവയസുകാരന്റെ ആൾക്കൂട്ടക്കൊലപാതകത്തിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ. ഒളിവിലായിരുന്ന ഒന്നാം പ്രതി രതീഷ്, രണ്ടാം പ്രതി അശ്വിൻ ആറാം പ്രതി ശ്രീനാഥ് എന്നിവരെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. മൂവരും കായംകുളത്ത് തന്നെയാണ് ഒളിവിൽ കഴിഞ്ഞത്. കൊലപാതകം നടന്ന് മൂന്നുദിവസം കഴിഞ്ഞാണ് മുഴുവൻ പ്രതികളെയും പിടികൂടുന്നത്. ഉച്ചയോടെയാണ് ഒന്നും രണ്ടും പ്രതികളെ പിടികൂടുന്നത്. വൈകുന്നേരത്തോടെയാണ് ആറാം പ്രതിയെ പിടികൂടിയത്.

അതേസമയം, കൊല്ലപ്പെട്ട ഷിബു പണയം വെച്ച സ്വർണം വീണ്ടെടുത്തു. രണ്ട് വയസുകാരിയുടെ സ്വർണ ബ്രേസ് ലെറ്റ് മോഷ്ടിച്ച് പണയം വെച്ചതിനായിരുന്നു ഷിബുവിനെ ഏഴംഗ സംഘം അടിച്ചുകൊന്നത്. എന്നാൽ കൊലപ്പെടുത്തണമെന്ന് ഉദ്ദേശ്യമില്ലായിരുന്നെന്നും ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഒന്നാം പ്രതി രതീഷ് പൊലീസിന് മൊഴി നൽകി.

ചേരാവള്ളി കുന്നത്ത് കോയിക്കല്‍ കിഴക്ക് സജി എന്ന ഷിബുവിനെയാണ് ഏഴ് പേര്‍ മർദിച്ച് കൊലപ്പെടുത്തിയത്. രതീഷ്, ശ്രീശാന്ത്, കനി, വിഷ്ണു, ചിഞ്ചു, ശ്രീനാഥ്, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇതിൽ വിഷ്ണുവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം പൊലീസാണ് കേസെടുത്തത്.

വിഷ്ണുവിന്റെ മകളുടെ സ്വര്‍ണം സജി മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദനം. മര്‍ദനത്തിന്റെ ആഘാതത്തില്‍ കുഴഞ്ഞുവീണ സജി പിന്നീട് മരിച്ചു. സജി ഹൃദ്രോഗി ആയിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്.

SCROLL FOR NEXT