KERALA

കേരളത്തിൽ അഖിലേന്ത്യാ പണിമുടക്ക് പൂർണം; ചിലയിടങ്ങളിൽ സംഘർഷം

അങ്കമാലിയിൽ ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രകടനത്തിനിടെ കെഎസ്ആർടിസി ബസ് തടഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്ക് കേരളത്തിൽ പൂർണം. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഇന്ന് നിരത്തിലിറങ്ങിയില്ല. കട കമ്പോളങ്ങൾ അടഞ്ഞുകിടന്നു. ചിലയിടങ്ങളിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ഒഴിച്ചാൽ പണിമുടക്ക് പൊതുവേ ശാന്തമായിരുന്നു.

സിഐടിയു, ഐഎൻടിയുസി തുടങ്ങി ബിഎംഎസ് ഒഴികെയുള്ള 10 ട്രേഡ് യൂണിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്കിന് കേരളത്തിൽ ഹർത്താലിൻ്റെ പ്രതീതിയായിരുന്നു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. ഇരുചക്ര വാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളും ഒഴിച്ചാൽ നിരത്തുകളിൽ വാഹനങ്ങൾ ഓടിയില്ല. അവശ്യസർവീസുകൾ മാത്രമാണ് പ്രവർത്തിച്ചത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ഡിപ്പോയിൽ ജോലിക്ക് എത്തിയവരെ സമരാനുകൂലികൾ തടഞ്ഞു. അങ്കമാലിയിൽ ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രകടനത്തിനിടെ കെഎസ്ആർടിസി ബസ് തടഞ്ഞു. വയനാട് കൽപ്പറ്റയിൽ ചരക്ക് ലോറി തടഞ്ഞതും സംഘർഷത്തിനിടയാക്കി.

സംസ്ഥാനത്ത് സിഐടിയു, ഐഎൻടിയുസി തൊഴിലാളി സംഘടനകൾ വെവേറെയാണ് പണിമുടക്ക് നടത്തിയത്. സെക്രട്ടറിയേറ്റിലെ കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ തൊഴിലാളികൾ ജോലിയിൽ പ്രവേശിച്ചു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒരേ തൊഴിലാളി വിരുദ്ധ നയം സ്വീകരിക്കുന്നത് കൊണ്ടാണ് ഒരുമിച്ച് പണിമുടക്കിൽ പങ്കെടുക്കാത്തത് എന്ന് കെ. മുരളീധരൻ.

പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചുവെങ്കിലും സെക്രട്ടറിയേറ്റിൽ ഉൾപ്പെടെ സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി ഔദ്യോഗിക വസതിയിൽ നിന്നും മ്യൂസിയം ജംഗ്ഷൻ വരെ കാൽനടയായി എത്തി. സിഐടിയു അടക്കമുള്ള ഇടതുപക്ഷ സംഘടനകൾ ലോക് ഭവനിലേക്ക് മാർച്ച് നടത്തി. ടി.പി. രാമകൃഷ്ണൻ, ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവർ മാർച്ചിന് നേതൃത്വം നൽകി. യുഡിടിഎഫിൻ്റെ നേതൃത്വത്തിൽ തമ്പാനൂരിൽ ആയിരുന്നു ഐഎൻടിയുസി പ്രകടനം.

SCROLL FOR NEXT