തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് എതിരെ ചികിത്സാ പിഴവ് ആരോപണം 
KERALA

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്ന് വയസുകാരിക്ക് ടിബി മെനിഞ്ചൈറ്റിസിനുള്ള ചികിത്സ; തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് എതിരെ ചികിത്സാ പിഴവ് ആരോപണം

തിരുവല്ല സ്വദേശികളായ സന്ദീപ് - പ്രജിത ദമ്പതികളുടെ മകൾക്കാണ് ദുരവസ്ഥ

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് എതിരെ ചികിത്സാ പിഴവ് ആരോപണം. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്ന് വയസുകാരിക്ക് ടിബി മെനിഞ്ചൈറ്റിസിനുള്ള ചികിത്സ നൽകിയെന്നാണ് പരാതി. തിരുവല്ല സ്വദേശികളായ സന്ദീപ് - പ്രജിത ദമ്പതികളുടെ മകളായ മൂന്ന് വയസുകാരിയ്ക്കാണ് ദുരവസ്ഥ.

ജൂലായ് മൂന്നിനാണ് കുഞ്ഞിന് പനി ബാധിച്ച് പുഷ്പഗിരി ആശുപത്രിയിലെത്തിയത്. കുട്ടിയ്ക്ക് സാധാരണ പനിയാണെന്ന നിഗമനത്തിൽ പനിയ്ക്കുള്ള മരുന്ന് നൽകി പറഞ്ഞ് അയക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ പനി മാറാത്തതിനെ തുടർന്ന് രക്ഷിതാക്കൾ വീണ്ടും ആശുപത്രിയിലെത്തിയെങ്കിലും വേണ്ടത്ര ചികിത്സ നടത്താതെ ടിബിയാണെന്ന നിഗമനത്തിലെത്തിയെന്നാണ് ആരോപണം.

ഇവിടെ കൃത്യമായ ചികിത്സ ലഭിക്കാത്തതിനാൽ രക്ഷിതാക്കൾ കുഞ്ഞിനെ കോട്ടയം ഐസിഎച്ച് മെഡിക്കൽ കോളേജിലെത്തിച്ചു. എന്നാൽ ഇവിടെയും ചികിത്സ വൈകിയതായാണ് ആക്ഷേപം. പിന്നീടാണ് തിരുവനന്തപുരം എസ്എടി ആശുപത്രിലെത്തിച്ചത്. ഇവിടെ വച്ചാണ് കുഞ്ഞിന് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് തിരിച്ചറിയുന്നതും ചികിത്സ ആരംഭിക്കുന്നതും.

അപ്പോഴേക്കും സമയം ഒരുപാട് നഷ്ടപ്പെട്ടുവെന്ന് കുടുംബം ആരോപിച്ചു. പുഷാപ്പഗിരിയിലും ഐസിഎച്ചിലും ചികിത്സ വൈകിയതാണ് കുഞ്ഞിൻ്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. അമീബ കുഞ്ഞിൻ്റെ തലച്ചോറിനെ മാരകമായി ബാധിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചുവെന്ന് കുഞ്ഞിൻ്റെ അച്ഛൻ പറഞ്ഞു. ഇപ്പോൾ രണ്ട് സർജറികൾ കഴിഞ്ഞു.

കുഞ്ഞിൻ്റെ അവസ്ഥ വളരെ മോശമാണെന്നും 99 ശതമാനം തിരിച്ചുകിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ഈ ഗുരുതര ആരോഗ്യ പിഴവിനെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുഞ്ഞിൻ്റെ രക്ഷിതാക്കൾ അറിയിച്ചു.

SCROLL FOR NEXT