ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ Source: Facebook / Rahul Mamkootathil
KERALA

രാഹുലിനെതിരായ ആരോപണങ്ങള്‍; ഷാഫിയെ പ്രതിരോധിച്ച് കോണ്‍ഗ്രസ്

രാഹുലിനെതിരെ തുടര്‍ച്ചയായി ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാണെന്നാണ് സിപിഐഎം വാദം

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: രാഹുല്‍ വിവാദത്തില്‍ ഷാഫി പറമ്പിലിനെ കക്ഷിയാക്കാനുള്ള സിപിഐഎം നീക്കത്തില്‍ പ്രതിരോധം തീര്‍ത്ത് കോണ്‍ഗ്രസ്. വിവാദത്തിലേക്ക് ഷാഫിയെ വലിച്ചിടുന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നും ഷാഫിയുടെ ജനപ്രീതി ഇടിച്ചു താഴ്ത്താനുള്ള ശ്രമമാണെന്ന് ടി. സിദ്ധിഖ് ആരോപിച്ചു. ഷാഫിക്കെതിരെയുള്ള പ്രതിഷേധം തീക്കളിയാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ഷാഫി പറമ്പിലിനെയായിരുന്നു ഇന്നലെ വടകരയില്‍ കണ്ടത്. രാഹുലിനെ സംരക്ഷിക്കുന്ന നിലപാടെടുത്ത ഷാഫി പറമ്പില്‍ എംപിക്കെതിരെ ഡിവൈഎഫ്‌ഐയും സിപിഐഎമ്മും പ്രതിഷേധിക്കുകയും തുടര്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളുടെ മറവില്‍ പ്രതിഷേധക്കാര്‍ ലക്ഷ്യം വെക്കുന്നത്.

താന്‍ പിന്തുണച്ചത് ഷാഫി പറമ്പിലിനെയാണെന്ന് ടി. സിദ്ധിഖ് എംഎല്‍എ പറഞ്ഞു. താനോ പാര്‍ട്ടിയോ രാഹുലിനെ പിന്തുണച്ചിട്ടില്ല. ഷാഫിയുടെ ജനപ്രീതി ഇടിച്ചു താഴ്ത്താനുള്ള സിപിഐഎം ശ്രമം അനുവദിക്കില്ലെന്നും ടി. സിദ്ധിഖ് വ്യക്തമാക്കി. ഷാഫി പറമ്പിലിനെതിരായ പ്രതിഷേധങ്ങളില്‍ എതിര്‍പ്പുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറും രംഗത്തെത്തി. കോഴിക്കോട് കലാപം ഉണ്ടാക്കാന്‍ സിപിഐഎം ശ്രമം നടത്തുന്നതായും വടകരയില്‍ ഇനിയും 52 വെട്ട് നടത്താമെന്ന് കരുതേണ്ട എന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഷാഫിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ കോണ്‍ഗ്രസ് എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി .

രാഹുലിനെ കൈപിടിച്ച് ഉയര്‍ത്തിയ ഷാഫി പറമ്പില്‍ രാഹുലിനെതിരെ തുടര്‍ച്ചയായി ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാണെന്നാണ് സിപിഐഎം വാദം. ആരോപണം ഉന്നയിച്ചവരില്‍ ഒരാള്‍ രാഹുലുമായി ബന്ധപ്പെട്ട പരാതി ഷാഫി പറമ്പിലിനെയും അറിയിച്ചിരുന്നു എന്ന വെളിപ്പെടുത്തലും ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഷാഫി പറമ്പിലിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് സിപിഐഎമ്മിന്റേയും ഡിവൈഎഫ്‌ഐയുടെയും തീരുമാനം.

SCROLL FOR NEXT