KERALA

വീണു പരിക്കേറ്റ കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ല, ഒടുവില്‍ കൈ മുറിച്ചു മാറ്റി; പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. വീണു പരിക്കേറ്റ ഒൻപതുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഒടുവിൽ കൈ മുറിച്ച് മാറ്റേണ്ടിവന്നെന്നുമാണ് കുടുംബം പറയുന്നത്. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്.

കഴിഞ്ഞ സെപ്തംബർ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ കുട്ടിക്ക് വീണ് പരിക്കേറ്റത്. തുടർന്ന് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കാണിച്ചെങ്കിലും ജില്ലാ ആശുപത്രിക്ക് റഫർ ചെയ്യുകയാണ് ചെയ്തത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്നും എക്സ് റേ എടുത്ത് പ്ലാസ്റ്റർ ഇട്ട് വിട്ടയച്ചു. അഞ്ചുദിവസം കഴിഞ്ഞ് തിരിച്ചു വന്നാൽ മതിയെന്ന് പറഞ്ഞാണ് തിരിച്ചയച്ചതെന്ന് വിനോദിനിയുടെ അമ്മ പറഞ്ഞു.

എന്നാൽ വേദന കൂടിയതോടെ 25ന് വീണ്ടും ചികിത്സ തേടി. കയ്യൊടിഞ്ഞാൽ വേദനയുണ്ടാവും എന്ന് പറഞ്ഞ് വീണ്ടും തിരിച്ചയക്കുകയാണ് ഉണ്ടായത്. ഇനി ഒക്ടോബർ അഞ്ചിന് വന്നാൽ മതിയെന്ന് പറഞ്ഞാണ് മടക്കി അയച്ചതെന്നും കുടുംബം പരാതിയിൽ പറയുന്നു. ഇതിനിടെ പെൺകുട്ടിയുടെ കയ്യിലെ നിറം മാറുകയും വേദന കൂടുകയും ചെയ്തതോടെ കുടുംബം മുപ്പതാം തീയതി വീണ്ടും ആശുപത്രിയിൽ എത്തി.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ സ്വകാര്യ ആശുപത്രിയിലേക്ക് പോവാനാണ് പറഞ്ഞതെന്നും കുട്ടിയുടെ മാതാവ് പ്രസീത ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇതോടെ ജില്ലാ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ് കൈ മുറിച്ചു മാറ്റിയത്.

SCROLL FOR NEXT