തിരുവനന്തപുരം മെഡിക്കൽ കോളേജ് Source: Facebook, Wikipedia
KERALA

"ശസ്ത്രക്രിയയ്ക്ക് ഉപകരണങ്ങളില്ല, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര പ്രതിസന്ധി"; സമൂഹമാധ്യമത്തില്‍ തുറന്നെഴുതി ഡോ. ഹാരിസ് ചിറക്കൽ

മെഡിക്കൽ കോളേജ് അനാസ്ഥ പരിഹരിക്കാൻ രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ച് മടുത്തുവെന്നാണ് യൂറോളജി വകുപ്പ് മേധാവി ഫേസ്ബുക്കിൽ കുറിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധിയെന്ന് ആരോപണം. യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലാണ് മെഡിക്കൽ കോളേജിലെ അനാസ്ഥയെക്കുറിച്ച് തുറന്നെഴുതിയത് . ഉപകരണങ്ങൾ ഇല്ലാതെ ശസ്ത്രക്രിയകൾ മാറ്റേണ്ടി വരുന്നുവെന്നും ഡോക്ടർമാർ സമ്മർദത്തിലെന്നും കുറിപ്പിൽ പറയുന്നു. വിവാദമായതോടെ ഹാരിസ് ചിറക്കൽ പോസ്റ്റ് പിൻവലിച്ചു.

മെഡിക്കൽ കോളേജ് അനാസ്ഥ പരിഹരിക്കാൻ രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ച് മടുത്തുവെന്നാണ് വകുപ്പ് മേധാവി ഫേസ്ബുക്കിൽ കുറിച്ചത്. ഉപകരണങ്ങൾ എത്തിക്കാൻ പല ഓഫീസുകളിലായി കയറി ഇറങ്ങി മടുത്തു.  പിരിച്ചുവിട്ടാലും കുഴപ്പമില്ല എന്നും വകുപ്പ് മേധാവി ഹാരിസ് ചിറക്കൽ ഫേസ്ബുക്കിൽ കുറിച്ചു.

ചികിത്സ ലഭിക്കാതെ പോയ യുവാവിനെക്കുറിച്ചും ഹാരിസ് ചിറക്കൽ കുറിച്ചു. "മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയിൽ നടപടി ആകുകയോ ഉപകരണം വാങ്ങി തരികയോ ചെയ്യാത്തതിനാൽ ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തതിൽ ഒരാൾ ഒരു കോളേജ് വിദ്യാർഥിയാണ്. എന്റെ മകന്റെ അതേ പ്രായം. ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തു എന്ന് അവനോട് പറയുമ്പോൾ ലജ്ജയും നിരാശയും ആണ് തോന്നുന്നത്" ഹാരിസ് ചിറക്കൽ പറയുന്നു. പലരോടും അപേക്ഷിച്ച് നടന്നിട്ടും യാതൊരു പരിഹാരവും ഇല്ലാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ ഈ കാര്യങ്ങൾ തുറന്നു പറയുന്നതെന്ന് കുറിച്ച ഹാരിസ്, ജോലി രാജിവെച്ച് പോയാലോ എന്ന ചിന്ത വരെയുണ്ടെന്നും തുറന്നെഴുതി.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം:

സർക്കാർ മെഡിക്കൽ കോളേജിലെ ഒരു വകുപ്പ് മേധാവിയുടെ ഏറ്റവും വലിയ നിസ്സഹായ അവസ്ഥയാണ് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യത കുറവ്. ഇന്ന് നിരവധി ഓപ്പറേഷനുകളാണ് മാറ്റി വെയ്ക്കേണ്ടി വന്നത്. സ്വകാര്യ ആശുപത്രികളിലൊന്നും പോകാൻ സാമ്പത്തിക ശേഷിയില്ലാത്ത നൂറുകണക്കിന് ജനങ്ങളാണ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അഭയം തേടുന്നത്.

തീവ്രമായ വേദനയോടെ, ഗുരുതരമായ വൃക്കരോഗങ്ങളാൽ ഒക്കെ അവശരായ നിരവധി സാധാരണ ജനങ്ങൾ ചികിത്സയ്ക്കായി ഒരു വശത്ത്, എതിർ വശത്ത് ഉപകരങ്ങളുടെ ക്ഷാമം, അത് പരിഹരിക്കാൻ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങൾ, നിയമങ്ങളുടെ നൂലാമാലകൾ. നിസ്സഹായാവസ്ഥയിൽ ആകുന്നത് ഡോക്ടർമാരും വകുപ്പ് മേധാവിയും. ഒരു രൂപയുടെ പോലും പർച്ചേസിംഗ് പവർ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകൾ കയറിയിറങ്ങി, ചെരുപ്പ് തേഞ്ഞ്, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങൾ വിശദീകരിച്ചും മടുത്തു.

മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയിൽ നടപടി ആകുകയോ ഉപകരണം വാങ്ങി തരികയോ ചെയ്യാത്തതിനാൽ ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തതിൽ ഒരാൾ ഒരു കോളേജ് വിദ്യാർത്ഥിയാണ്. എന്റെ മകന്റെ അതേ പ്രായം. ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തു എന്ന് അവനോട് പറയുമ്പോൾ ലജ്ജയും നിരാശയും ആണ് തോന്നുന്നത്. ഇതുപോലെ എത്രയോ പേർ. ഉപജീവനം നഷ്ടപ്പെടുത്തി ചികിത്സയ്ക്കായി ആഴ്ചകളോളം കിടക്കുന്നവർ, കൂടെ ഇരിക്കാൻ ബന്ധുക്കൾ ഇല്ലാതെ കൂലി കൊടുത്ത് ആരെയെങ്കിലും ഒപ്പം നിർത്തുന്നവർ, ആരോടെങ്കിലും പണം കടംവാങ്ങിയും സ്വന്തം ഓട്ടോറിക്ഷയോ മറ്റോ ഈട് നിർത്തി ലോൺ എടുത്തും ചികിത്സയ്ക്ക് വരുന്നവർ, ബന്ധുക്കൾ അനാഥാലയങ്ങളിൽ തള്ളിയവർ, ലോട്ടറി കച്ചവടം ചെയ്തും വഴിയിൽ ഭിക്ഷ എടുത്തും ഒക്കെ വരുന്ന ധാരാളം പേർ. സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ പരിഛേദമാണ് ദിവസവും ഞാൻ മെഡിക്കൽ കോളേജിൽ കാണുന്നത്. അവർക്ക് കൃത്യ സമയത്ത്, മികച്ച ചികിത്സ നൽകാൻ ഞാനും എന്റെ ഒപ്പം ജോലി ചെയ്യുന്ന ഡോക്ടർമാരും രാപ്പകൽ തയ്യാറാണ്.

പക്ഷെ, അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുന്നിൽ നിൽക്കുന്നു. പല രോഗികളും പണം പിരിച്ചെടുത്ത് ഉപകരണങ്ങൾ വാങ്ങി തരുന്നത് കൊണ്ടാണ് കുറെയെങ്കിലും ഓപ്പറേഷനും ചികിത്സയും നടന്നുപോകുന്നത്. മാസങ്ങളോളം രോഗികൾ ഓപ്പറേഷന് കാത്തിരിക്കുമ്പോൾ ദയവായി നിങ്ങൾ ഡോക്ടർമാരെ കുറ്റം പറയരുത്. നിങ്ങളുടെ വേദനയും അലച്ചിലും ബുദ്ധിമുട്ടുകളും ഞങ്ങൾക്ക് അറിയാത്തത് കൊണ്ടല്ല. അഹങ്കാരം കൊണ്ടോ കൈക്കൂലി തരാത്തത് കൊണ്ടോ അല്ല. പരിമിതികൾ മൂലമാണ്. പലരോടും അപേക്ഷിച്ച് നടന്നിട്ടും യാതൊരു പരിഹാരവും ഇല്ലാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നിൽ ഒരു വകുപ്പ് മേധാവി എന്ന നിലയിൽ ഈ കാര്യങ്ങൾ തുറന്നു പറയുന്നത്. ജോലി രാജിവെച്ച് പോയാലോ എന്ന ചിന്ത ശക്തമായി മനസിൽ വരുന്നു.

SCROLL FOR NEXT