എറണാകുളം: കോൺഗ്രസിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന നേതാക്കൾ ആദ്യം തങ്ങളുടെ രാഷ്ട്രീയ നിലപാടുകളിൽ വ്യക്തത വരുത്തണമെന്ന് കോൺഗ്രസ് നേതാവ്. ആരെയും പാർട്ടിയിലേക്ക് വരുന്നതിൽ നിന്ന് തടയില്ലെന്നും എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ ഉപേക്ഷിച്ചുപോയവർ തിരിച്ചെത്തുമ്പോൾ അവരുടെ നിലപാടുകൾ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തുവർഷം പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ട പ്രവർത്തകർക്ക് അധികാരത്തിലും സംഘടനാ സംവിധാനത്തിലും അർഹമായ പരിഗണന ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിരിക്കുമ്പോൾ വലിയ പ്രയാസങ്ങൾ അനുഭവിച്ച നിരവധി നേതാക്കളും പ്രവർത്തകരും കോൺഗ്രസിലുണ്ട്. അത്തരം ഘട്ടങ്ങളിൽ പാർട്ടിയെ കറിവേപ്പില പോലെ ഉപേക്ഷിച്ചവർ തിരിച്ചെത്തുമ്പോൾ അവരെ കണ്ണടച്ച് സ്വീകരിക്കാനാകില്ല. പ്രതിസന്ധി കാലത്ത് പാർട്ടിയെ മുൾമുനയിൽ നിർത്തിയാണ് പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ടതെന്നും അദ്ദേഹം വിമർശിച്ചു.
മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ ബിജെപിയിൽ ചേർന്നേനെയെന്ന തരത്തിൽ പത്മജ നടത്തിയ പരാമർശവും നിരുത്തരവാദപരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയിലേക്ക് പോയവർ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി നേതൃത്വത്തെയും വിമർശിക്കാൻ തയ്യാറാകണം. അതിനുപോലും കഴിയാതെ കോൺഗ്രസിലേക്ക് തിരിച്ചുവരുന്നത് ശരിയായ രാഷ്ട്രീയ നിലപാടല്ലെന്നും അലോഷ്യസ് വ്യക്തമാക്കി.
കോൺഗ്രസിൽ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലയുണ്ടെന്നും നേതൃത്വത്തിന്റെ നിലപാടുകൾ അതേപടി അംഗീകരിക്കണമെന്ന് പാർട്ടി ആരെയും നിർബന്ധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ പത്തുവർഷമായി പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരെ മാറ്റിനിർത്തി തിരിച്ചെത്തുന്നവർക്ക് അമിത പരിഗണന നൽകുന്നതിനോട് യോജിപ്പില്ല. അധികാരം ലഭിക്കുമ്പോൾ ആദ്യ പരിഗണന നൽകേണ്ടത് പാർട്ടിക്കുവേണ്ടി പ്രയാസങ്ങൾ സഹിച്ചവർക്കാണെന്നും അദ്ദേഹം പറഞ്ഞു.
കാലടി ക്യാമ്പസിലെ വിദ്യാർഥി സമരത്തിലും സർക്കാരും ഉന്നതവിദ്യാഭ്യാസ മന്ത്രിയും തുറന്ന സമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമരങ്ങളോട് എതിർപ്പില്ലെങ്കിലും അച്ചടക്കവും ക്യാമ്പസിന്റെ സുഗമമായ നടത്തിപ്പും ഉറപ്പാക്കുന്ന രീതിയിലായിരിക്കണം പ്രതിഷേധങ്ങളെന്നും അലോഷ്യസ് അഭിപ്രായപ്പെട്ടു.ക്യാമ്പസിന്റെ നല്ല രീതിയിലുള്ള പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിന് പകരം അതിന് സഹകരിക്കുന്ന സമരങ്ങളാണ് ഉണ്ടാകേണ്ടത്. സമരങ്ങൾക്ക് ചില അച്ചടക്ക മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണമെന്നും അലോഷ്യസ് ചൂണ്ടിക്കാട്ടി.