അലുവ അതുൽ 
KERALA

അലുവ അതുൽ കൊലക്കേസ്: പ്രതികളുടേത് ഒരു വർഷം നീണ്ടു നിന്ന പക

ആദ്യ ചാൻസിൽ തന്നെ കൊലപാതകം

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കരുനാഗപ്പള്ളിയിൽ കൊല്ലപ്പെട്ട ജിം സന്തോഷ് വധക്കേസ് പ്രതി അലുവാ അതുൽ മാർച്ച് ഏഴിനാണ് ജാമ്യം ലഭിച്ചു ജയിൽ മോചിതനായത്. തൊട്ടടുത്ത ശനിയാഴ്ച തന്നെ ആക്രമണവും ഉണ്ടായി. അതുൽ ജയിൽ മോചിതനായപ്പോൾ തന്നെ പ്രതികൾ ആക്രമണത്തിന് പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ഒരു വർഷം നീണ്ടു നിന്ന പ്രതികാരത്തിൻ്റെ ഭാഗമായാണ് പ്രതികൾ അതുലിനെ ആക്രമിച്ചത്.

ജാമ്യത്തിലിറങ്ങിയ അതുലിനോട് എല്ലാ ശനിയാഴ്ചയും പോലീസിനു മുന്നിൽ ഹാജരാകാൻ ഹൈകോടതി ഉത്തരവുണ്ടായിരുന്നു. സ്റ്റേഷനിൽ ഹാജരായ ശേഷം പുറത്തിറങ്ങുന്ന അതുലിനെ ആക്രമിക്കാൻ പ്രതികൾ വിവിധയിടങ്ങളിൽ നിലയുറപ്പിച്ചു. സ്റ്റേഷനിൽ നിന്നിറങ്ങി 17 മിനിട്ട് കഴിയുമ്പോഴാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. കൊല്ലുക എന്ന ലക്ഷ്യത്തോടെ തന്നെ ആയിരുന്നു ആക്രമണം.

ഭീതി പടർത്തുന്ന പശ്ചാത്തലമുള്ള ആളായിരുന്നു അതുൽ. നിരവധി കേസുകളാണ് ഇയാളുടെ പേരിൽ ചുമത്തിയിട്ടുള്ളത്. കൊല്ലം ജില്ലാ ജയിലില്‍ വെച്ച്‌ വാർഡൻ അഭിലാഷിനെ മർദ്ദിച്ചും സൂപ്രണ്ടിന്റെ ഓഫീസിലെ കമ്പ്യൂട്ടറുകള്‍ തല്ലിത്തകർത്തും അതുല്‍ വാർത്തകളില്‍ നിറഞ്ഞിരുന്നു. ജയിലിനുള്ളില്‍ പോലും അക്രമാസക്തനായിരുന്നു ഇയാള്‍.

കൊലപാതകത്തിന് പുറമെ എംഡിഎംഎ കടത്തിയ കേസിലും അതുല്‍ പ്രതിയാണ്. കരുനാഗപ്പള്ളി കോടതി വളപ്പിൽ റീൽസ് ചിത്രീകരിച്ചതിന് ജഡ്ജി നൽകിയ പരാതിയിലും പ്രതിയാണ് ഇയാൾ.

എതിരാളികളെ വകവരുത്താൻ കൂടം ഉപയോഗിച്ചിരുന്ന ഇയാള്‍, മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിക്കാത്ത വ്യക്തിയായിരുന്നു. എന്നാല്‍ മനുഷ്യരക്തം കാണുന്നതായിരുന്നു അതുലിന്റെ ലഹരി. അതിക്രമങ്ങൾ നടത്തി വിഹരിക്കുമ്പോഴാണ് അതുൽ കൊല്ലപ്പെടുന്നത്.

SCROLL FOR NEXT