എറണാകുളം ആലുവയിൽ 12 വയസുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം പിന്നിട്ടു. മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണവും വിഫലം. ആദ്യം കാസർഗോഡ്, പിന്നീട് മംഗലാപുരം, തുടർന്ന് മുംബൈ എന്നിവിടങ്ങളിൽ ഫോൺ ലൊക്കേഷൻ കണ്ടെത്തിയതായാണ് വിവരം. അതേസമയം, അന്വേഷണത്തിൽ തൃപ്തിയില്ലെന്ന്കുടുംബം പ്രതികരിച്ചു.
ശനിയാഴ്ച രാവിലെയാണ് ആലുവയിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. കൂട്ടുകാരിൽ നിന്ന് പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം സ്വന്തം നിലയിൽ തിരച്ചിൽ നടത്തി. എന്നാൽ ഒരു വിവരവും ലഭിച്ചില്ല. കാണാതാകുമ്പോൾ അമ്മയുടെ മൊബൈൽ ഫോൺ കുട്ടിയുടെ കൈവശമുണ്ടായിരുന്നു. ഫോൺ ആദ്യം സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും പിന്നീട് ഇടയ്ക്ക് ഓണായതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ആദ്യം കാസർഗോഡ്, പിന്നീട് മംഗലാപുരം, തുടർന്ന് മുംബൈ എന്നിവിടങ്ങളിൽ ഫോൺ ലൊക്കേഷൻ കണ്ടെത്തിയതായാണ് വിവരം. ഫോൺ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് സംഘങ്ങൾ കേരളത്തിന് പുറത്തേക്ക് യാത്ര തിരിച്ചു. കുട്ടിയെ കണ്ടെത്തുന്നതിനായി വിവിധ സ്ഥലങ്ങളിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യവുമായി കുടുംബവും രംഗത്തുണ്ട്.
കാണാതായി ഏതാണ്ട് ഒരു ദിവസം പിന്നിട്ടപ്പോഴാണ് ആദ്യം ഫോൺ ഓൺ ആയത്. അപ്പോൾ ലൊക്കേഷൻ കാണിച്ചത് കാസർഗോഡ് ആണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. ഇതോടെ കുട്ടിയെ കണ്ടെത്താൻ കഴിയുമെന്ന് ആത്മവിശ്വാസത്തിൽ ആയിരുന്നു ബന്ധുക്കളും നാട്ടുകാരും പൊലീസും. എന്നാൽ പിന്നീട് വീണ്ടും ഫോൺ ഓഫ് ആയി. ഇതോടെ അന്വേഷണവും കടുത്ത പ്രതിസന്ധിയിലായി.