അമേരിക്കൻ അധിക തീരുവയിൽ റബ്ബർ മേഖലയും ആശങ്കയിൽ Source; News Malayalam 24X7
KERALA

ട്രംപിന്റെ അധിക തീരുവ; സംസ്ഥാനത്തെ റബ്ബർ മേഖലയും ആശങ്കയിൽ

ഇന്ത്യ പ്രതിവർഷം 7630.22 കോടി രൂപയുടെ കയറ്റുമതിയാണ് റബർ മേഖലയിൽ അമേരിക്കയിലേക്ക് നടത്തുന്നത്. റബ്ബർ ഉത്പന്നങ്ങളുടെ തീരുവ 10% ആയിരുന്നത് ഒറ്റയടിക്ക് 5 ഇരട്ടിയായാണ് അമേരിക്ക വർധിപ്പിച്ചത്.

Author : ന്യൂസ് ഡെസ്ക്

അമേരിക്കൻ അധിക തീരുവ പ്രഖ്യാപനത്തിൽ സംസ്ഥാനത്തെ റബ്ബർ മേഖലയും ആശങ്കയിൽ. റബ്ബർ ഉത്പന്നങ്ങളുടെ തീരുവ ഒറ്റയടിക്ക് അഞ്ചിരട്ടിയാണ് വർധിപ്പിച്ചത്. ഇതോടെ ചില കമ്പനികൾ ഉത്പാദനവും കണ്ടെയ്നറുകളുടെ നീക്കവും നിർത്തിയതും ആശങ്ക വർധിപ്പിക്കുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അധികതീരുവ, ഇന്ത്യയുടെ റബ്ബർ ഉൽപ്പന്ന കയറ്റുമതിയെയും സാരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യ പ്രതിവർഷം 7630.22 കോടി രൂപയുടെ കയറ്റുമതിയാണ് റബർ മേഖലയിൽ അമേരിക്കയിലേക്ക് നടത്തുന്നത്. റബ്ബർ ഉത്പന്നങ്ങളുടെ തീരുവ 10% ആയിരുന്നത് ഒറ്റയടിക്ക് 5 ഇരട്ടിയായാണ് അമേരിക്ക വർധിപ്പിച്ചത്.

ഇതോടെ ചില കമ്പനികൾ ഉത്പന്നവും കണ്ടെയ്നറുകളുടെ നീക്കവും നിർത്തി. തറയിൽ വിരിക്കുന്ന മാറ്റുകൾ, കൈ കാൽ ഉറകൾ, കൺവെയർ ബെൽറ്റുകൾ, വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തുടങ്ങി റബ്ബർ ഉത്പന്നങ്ങളുടെ വലിയ വിപണിയാണ് അമേരിക്ക. വലിയ നഷ്ടം നേരിടുന്ന കേരളത്തിലെ റബ്ബർ മേഖലയ്ക്ക് പുതിയ നീക്കങ്ങൾ കൂടുതൽ തിരിച്ചടി ഉണ്ടാക്കിയേക്കും എന്നാണ് കർഷകരുടെ ആശങ്ക.

അമേരിക്കൻ വിപണിയിൽ പ്രതിസന്ധി ഉണ്ടായാൽ പുതിയ വിപണി കണ്ടെത്തുക പ്രയാസമാണ് എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ സമുദ്രോത്പന്ന വിപണിയിലും സമാന പ്രതിസന്ധിയാണ് ഉയർന്നിരിക്കുന്നത്. ആന്ധ്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മത്സ്യം കയറ്റുമതി ചെയ്യുന്നത് കേരളമാണ്. ബദൽ വിപണി കണ്ടെത്തിയില്ലെങ്കിൽ മേഖലയ്ക്ക് 50,000 കോടിയുടെ നഷ്ടമാണ് ഉണ്ടാവുക.

SCROLL FOR NEXT