സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം. ഇന്ന് മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് രണ്ട് പേർക്കും തിരുവനന്തപുരത്ത് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം സ്വദേശി പത്തു വയസുകാരിക്കും രാമനാട്ടുകര സ്വദേശി മുപ്പതു വയസുകാരി എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മുരുക്കുംപുഴ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിൽ 14 ജില്ലകളിലും അമീബിക് മസ്തിഷ്കജ്വരത്തിന് സാധ്യതയെന്ന് നേരത്തെ ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്നു. കിണർ വെള്ളത്തിലും വാട്ടർ ടാങ്കുകളിലും വരെ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അടിയന്തരമായി ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയില്ലെങ്കിൽ വലിയൊരു വിപത്താകും ഉണ്ടാകുന്നതെന്നും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. അതേസമയം ആരോഗ്യ തദ്ദേശ വകുപ്പുകളുടെ ഏകോപനം പൂർണമാകാത്തതിനാൽ പൊതു കിണറുകളും ജലാശയങ്ങളും ഇപ്പോഴും മലിനമായി തുടരുകയാണ്.
കുളങ്ങളിലും കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലും മുങ്ങിക്കുളിച്ചവർക്കും നീന്തൽ പഠിച്ചവർക്കും ഒക്കെ ആയിരുന്നു ആദ്യഘട്ടത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടായതെങ്കിൽ ഇപ്പോൾ സ്ഥിതി മാറുകയാണ്. വീടുകളിലെ കിണറുകളും പൊതു കിണറുകളും വാട്ടർ ടാങ്കുകളും എല്ലാം അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അത് ഒരു ജില്ലയിൽ എന്നില്ല കേരളത്തിൽ ഉടനീളം ഈ അമീബയുടെ സാന്നിധ്യമുണ്ട്. ഇത്തരം വെള്ളം മൂക്കിലും ചെവിയിലും കയറുന്ന സ്ഥിതി ഉണ്ടായാൽ രോഗത്തിലേക്കുള്ള യാത്ര തുടങ്ങും. അതായത് ജാഗ്രത കുറവ് ഉണ്ടായാൽ ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഈ ഗുരുതര രോഗം പിടിപെടാം.
കൃത്യമായ ഇടവേളകളിൽ കിണറുകൾ ശുചിയാക്കണം കിണറുകളും ശൗചാലയങ്ങളും അടുത്തടുത്ത് വരുന്ന ഇടങ്ങളിൽ പ്രത്യേകിച്ച്. പൊതു കിണറുകളും വാട്ടർ ടാങ്കുകളും ഇത്തരത്തിൽ ശുചിയാക്കണം. നീന്തൽ പഠിപ്പിക്കുന്ന ജലാശയങ്ങൾ സ്വിമ്മിംഗ് പൂളുകൾ ഇവയൊക്കെ വൃത്തി ഉള്ളത് ആണെന്ന് ഉറപ്പാക്കണം. കേരളത്തിൽ രോഗപകർച്ചക്ക് വേഗം കൂടുന്നുണ്ട് എന്ന് തെളിയിക്കുന്ന കണക്കുകൾ ആണുള്ളത്. കഴിഞ്ഞ വർഷം ആകെ 39 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ഒൻപത് മാസം ആകുമ്പോഴേക്കും 50ലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.