കവർച്ചയ്ക്ക് ക്വട്ടേഷൻ നൽകിയത് മഹാരാഷ്ട്ര സ്വദേശി അമൂൽ 
KERALA

വർഷങ്ങളായുള്ള ബിസിനസ് കുടിപ്പക, കവർച്ചയ്ക്ക് ക്വട്ടേഷൻ നൽകിയത് മഹാരാഷ്ട്ര സ്വദേശി അമൂൽ; ചാല സ്വർണ്ണ കൊള്ളയുടെ ചുരുളഴിച്ച് പൊലീസ്

ചാല സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിന്നില്‍ ബിസിനസ് തര്‍ക്കമാണെന്ന് പൊലീസ് കണ്ടെത്തി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ചാല സ്വർണ കൊള്ളയുടെ ചുരുളഴിച്ച് പൊലീസ്. കവർച്ചയ്ക്ക് ക്വട്ടേഷൻ നൽകിയത് മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാര ഏജൻ്റ് അമൂലാണെന്ന് പൊലീസ് കണ്ടെത്തി. വർഷങ്ങളായുള്ള ബിസിനസ് കുടിപ്പകയാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ചാലയില്‍ തന്നെ സ്വര്‍ണവ്യാപാരം നടത്തുന്ന അമുലും ദിലീപും നന്ദകുമാറുമായുള്ള ബിസിനസ് തര്‍ക്കങ്ങളെത്തുടര്‍ന്ന് കവര്‍ച്ചയ്ക്കായി ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനൂപ് രാജാണ് ഈ ക്വട്ടേഷന്‍ ഏറ്റെടുത്തത്. നന്ദകുമാറിൻ്റെ യാത്രാവിവരങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് സംഘത്തിന് കൈമാറിയത് രക്ഷപ്പെട്ട പ്രതിയായ ശ്രാവണാണ്.

ആസൂത്രണമനുസരിച്ച് ബൈക്കിലെത്തിയ അനില്‍ പ്രസാദും വിനോദ് ആൻ്റണിയും ചേര്‍ന്ന് നന്ദകുമാറിൻ്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഫ്‌ളൈ ഓവര്‍ വഴി ഹൈവേയ്ക്ക് സമീപമെത്തിയ ഇവര്‍ അവിടെ കാറുമായി കാത്തുനിന്നിരുന്ന അനൂപ് രാജിനൊപ്പം കയറി രക്ഷപ്പെട്ടു. യാത്രാമധ്യേ ശ്രാവണും ഇവര്‍ക്കൊപ്പം ചേര്‍ന്നു.

കവര്‍ച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന സംഘം പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയതോടെ ബംഗളൂരുവിലേക്കും അവിടെ നിന്ന് വയനാട്ടിലേക്കും നീങ്ങി. വയനാട്ടിലെത്തിയ പ്രതികള്‍ പരിചയക്കാരനായ റിസോര്‍ട്ട് ജീവനക്കാരന്‍ രാജീവിനെ വിളിച്ച് വിനോദയാത്രയ്ക്ക് എത്തിയതാണെന്ന് തെറ്റിദ്ധരിപ്പിച്ച് താമസസൗകര്യം ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതികളുടെ നീക്കങ്ങള്‍ കൃത്യമായി പിന്തുടര്‍ന്ന പൊലീസ് സംഘം ശനിയാഴ്ച വൈകിട്ട് 5.45-ഓടെ വയനാട് പടിഞ്ഞാറത്തറയില്‍ വച്ച് ഇവരുടെ വാഹനം വളഞ്ഞ് പിടികൂടുകയായിരുന്നു. ഇതിനിടെയാണ് ശ്രാവണ്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് ജീവനക്കാരന്‍ രാജീവിനെ ചോദ്യം ചെയ്ത ശേഷം തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു. പ്രതികളുടെ വാഹനത്തിൽ നിന്ന് ഒരു ഗോള്‍ഡ് ബാര്‍ കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

SCROLL FOR NEXT