പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ അടിയന്തര ദേവസ്വം ബോർഡ് യോഗം ചേരും. നാളെ തിരുവനന്തപുരത്താണ് യോഗം ചേരുക. അജണ്ട നിശ്ചയിക്കാതെയുള്ള അനൗദ്യോഗിക യോഗമാണ് നാളെ ചേരുന്നത്. അതേസമയം, ശബരിമല മേൽശാന്തി അഭിമുഖം നാളെയും മറ്റന്നാളുമായി ബോർഡിൽ നടക്കുന്നുണ്ട്. ശബരിമല, മാളികപ്പുറം ദേവസ്വങ്ങളിലെ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖമാണ് നടക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് രാവിലെ ഒൻപതു മണി മുതലാണ് അഭിമുഖം.
അതേസമയം, വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ദുരൂഹ ഇടപെടലുകളുടെ കൂടുതൽ വിശദാംശങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. 2020ലും സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി നടത്താമെന്ന് വാഗ്ദാനം ചെയ്ത് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിനെ സമീപിച്ചു. ശില്പങ്ങൾക്ക് മങ്ങൽ ഉണ്ടെന്നും അറ്റകുറ്റപ്പണി നടത്താമെന്നും വാഗ്ദാനം ചെയ്തായിരുന്നു ദേവസ്വം ബോർഡിനെ സമീപിച്ചത്. പാളികൾ വീണ്ടും കടത്താൻ ശ്രമിച്ചത്, സ്ഥാപിച്ച് മൂന്നുമാസം കഴിഞ്ഞ് ഉടൻ ആണെന്നും വിവരമുണ്ട്. എന്നാൽ ഈ വാഗ്ദാനം ദേവസ്വം ബോർഡ് സ്വീകരിച്ചില്ല.
2020 ഫെബ്രുവരിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് വീണ്ടും കത്ത് നൽകിയതെന്നാണ് വിവരം. വീണ്ടും നീക്കം നടത്തിയത് സ്വർണപ്പാളിയിൽ തിരിമറി നടത്താനെന്നാണ് സംശയം. എന്നാൽ വിവാദ സ്പോൺസറുടെ വാഗ്ദാനം ബോർഡ് നരാകരിക്കുകയായിരുന്നു. ദ്വാരപാലക ശിൽപ്പങ്ങൾക്ക് സ്വർണം പൂശാനായി സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി കോടികൾ പിരിച്ചെടുത്തുവെന്നും, വിദേശരാജ്യങ്ങളിൽ നിന്നുള്ള മലയാളികളായ അയ്യപ്പ ഭക്തരിൽ നിന്നും പണം പിരിച്ചുവെന്നും ദേവസ്വം ബോർഡ് വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു.