തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കായി 395.59 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ് ഇറക്കി. ഒൻപത് മന്ത്രി മന്ദിരങ്ങളുടെ വാർഷിക അറ്റകുറ്റപ്പണികൾക്കായാണ് തുക അനുവദിച്ചത്. അതേസമയം, ക്ലിഫ് ഹൗസിന് പണം അനുവദിച്ചിട്ടില്ല. 1.35 കോടി രൂപയായിരുന്നു ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണിക്കായി ആവശ്യപ്പെട്ടത്.
നെസ്റ്റ് ബംഗ്ലാവിനായി 40.67 ലക്ഷം, ഉഷസ് ബംഗ്ലാവിന് 40.03 ലക്ഷം, പെരിയാർ ബംഗ്ലാവിന് 31.26 ലക്ഷം, പൗർണമി ബംഗ്ലാവിന് 40.81 ലക്ഷം, പമ്പ ബംഗ്ലാവിന് 31.43 ലക്ഷം, കവടിയാർ ഹൗസിന് 40.06 ലക്ഷം, മൻമോഹൻ ബംഗ്ലാവിനായി 81.06 ലക്ഷം, ഗംഗാ ബംഗ്ലാവിന് 31.53 ലക്ഷം, അജന്ത ബംഗ്ലാവിന് 58. 74 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
അറ്റകുറ്റപ്പണികൾക്കായി 5.31 കോടി രൂപയാണ് ചീഫ് എഞ്ചിനിയർ ആവശ്യപ്പെട്ടത്. എന്നാൽ 3.59 കോടി രൂപയാണ് അനുവദിച്ചത്. ഉത്തരവിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് കൂടുതല്‍ മോടി പിടിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പൊതുഭരണ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. വന്‍ തുക ചെലവില്‍ മോടി പിടിപ്പിക്കേണ്ടെന്നും ചില്ലറ അറ്റകുറ്റപണി മാത്രം മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.
മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കേണ്ടെന്നും നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഖജനാവിൽ നിന്നുള്ള പണം ധൂർത്തടിച്ച് ഔദ്യോഗിക വസതികൾ കൂടുതൽ മോടിപിടിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. വൻ തുക മുടക്കിയുള്ള നവീകരണങ്ങൾക്ക് പകരം അനിവാര്യമായ ചില്ലറ അറ്റകുറ്റപ്പണികൾ മാത്രം നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.