KERALA

സ്ഥാനാര്‍ഥി നിര്‍ണയം പാളി, വെള്ളാപ്പള്ളിയെ കൂട്ടിയതും തിരിച്ചടിയായി...; ഇങ്ങനെ സ്വയം വിമർശനം ആർക്കാണ് സാധിക്കുക: ഷംസീര്‍

"അയ്യപ്പസംഗമത്തിൽ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വായിക്കാൻ പാടില്ലായിരുന്നു"

Author : ന്യൂസ് ഡെസ്ക്

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് സിപിഐഎം നേതാവ് എ.എൻ ഷംസീർ. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളി. അയ്യപ്പ സംഗമവും വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടിയതും തിരിച്ചടിയായെന്നും ഷംസീർ. മലപ്പുറം കാളിക്കാവില്‍ കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിലായിരുന്നു ഷംസീറിന്റെ സ്വയം വിമർശനം.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച സിപിഐഎം കേന്ദ്ര കമ്മറ്റി അവലോകന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തന്നെയാണ് ഷംസീറും ആവര്‍ത്തിച്ചത്. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിച്ചയുണ്ടായി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെ ശക്തമായി ആക്ഷേപിച്ചപ്പോൾ അതിനെ പാർട്ടി പ്രതിരോധിച്ചു. എന്നാല്‍, പ്രതിരോധ പ്രസ്താവനയിൽ ഒരു ഊക്കുണ്ടായിരുന്നില്ല. അയപ്പ സംഗമം ഞങ്ങളുടേതല്ല, പക്ഷേ സർക്കാർ നടത്തിയതാണെന്ന് പ്രചരിപ്പിച്ചു. അയ്യപ്പസംഗമത്തിൽ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വായിക്കാൻ പാടില്ലായിരുന്നു. ഇക്കാര്യത്തില്‍ പാർട്ടി സ്വയം വിമർശനം നടത്തിയിട്ടുണ്ട് - ഷംസീര്‍ പറഞ്ഞു.

"ഇത്തരത്തില്‍ സ്വയം വിമർശനം നടത്താൻ കുഞ്ഞാലിയുടെ പാർട്ടിക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക. ഞങ്ങൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരാണ്. രാഷ്ട്രീയത്തിൽ ജനങ്ങളാണ് യജമാനന്മാർ. ജനങ്ങളാണ് സഖാക്കളേ നിങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നുവെന്ന് പറയുന്നത്. ആ തെറ്റ് ഉൾക്കൊണ്ട് തിരുത്തും. പാര്‍ട്ടി തിരിച്ച് വരും"- ഷംസീർ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT