വയനാട്: പുൽപ്പള്ളിയിൽ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി അനീഷ് മാമ്പള്ളിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്. മീനങ്ങാടി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ആയിരുന്നു ഇയാൾ. കെപിസിസി നിർദേശ പ്രകാരമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. അനീഷിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
പുൽപ്പള്ളി പെരിക്കല്ലൂരിൽ വീട്ടിൽ നിന്ന് ചാരായവും തോട്ടയും പിടിച്ചെടുത്ത കേസിൽ തങ്കച്ചൻ നിരപരാധിയാണെന്ന് മനസിലായത്. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ച കാനാട്ടുമലയിൽ തങ്കച്ചൻ 17 ദിവസത്തിന് ശേഷം ജയിൽ മോചിതനാകുകയും ചെയ്തു. കോൺഗ്രസിലെ ഗ്രൂപ്പ് പോരിൻ്റെ ഇരയാണ് താനെന്നും, തന്നെ കുറ്റക്കാരനാക്കിയതിൽ ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചന് പങ്കുണ്ടെന്നും തങ്കച്ചൻ നേരത്തെ ആരോപിച്ചിരുന്നു.
ഓഗസ്റ്റ് ഇരുപത്തിരണ്ടാം തീയതി രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽപ്പള്ളി പൊലീസ് പ്രാദേശിക കോൺഗ്രസ് നേതാവായ തങ്കച്ചൻ്റെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിലെ പോർച്ചിൽ കിടന്നിരുന്ന കാറിന്റെ അടിയിൽ നിന്ന് കവറിൽ സൂക്ഷിച്ച നിലയിൽ 20 പാക്കറ്റ് കർണാടക മദ്യവും 15 തോട്ടയും കണ്ടെത്തി.
എന്നാൽ കർണാടകയിൽ നിന്നും മദ്യം വാങ്ങിയ മരക്കടവ് സ്വദേശി പുത്തൻവീട്ടിൽ പ്രസാദിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തങ്കച്ചൻ നിരപരാധിയാണെന്ന് വ്യക്തമായത്.
ഒരു മാസം മുൻപ് മുള്ളൻകൊല്ലിയിൽ വച്ച് നടന്ന പാർട്ടി യോഗത്തിൽ ഡിസിസി പ്രസിഡൻറ് എൻ.ഡി. അപ്പച്ചന് മർദ്ദനമേറ്റിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പ് പോരാണ് അന്ന് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഇതിലെ വൈരാഗ്യമാണ് തങ്കച്ചന് എതിരായ കേസിന് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്.