ശങ്കു, വീണാ ജോർജ്  Source: Facebook/ Veena George
KERALA

ഉപ്പുമാവിന് പകരം മുട്ട ബിരിയാണി; അങ്കണവാടി ഭക്ഷണ മെനു പരിഷ്കരിച്ചു

ശങ്കു ആവശ്യപ്പെട്ടതുപോലെ പൊരിച്ച കോഴി ഇല്ലെങ്കിലും മുട്ട ബിരിയാണി ഉള്‍പ്പെടെ പല പുതിയ വിഭവങ്ങളും മാതൃകാ മെനുവിൽ ഇടംപിടിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം "ബിർണാണിയും പൊരിച്ച കോഴിയും" ചോദിച്ചുള്ള ശങ്കു എന്ന കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വീഡിയോ ശ്രദ്ധിയില്‍പ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജ് അങ്കണവാടിയുടെ ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്ന് ശങ്കുവിന് അന്നുതന്നെ ഉറപ്പും നൽകി. സംസ്ഥാനത്തെ 33,120 അങ്കണവാടികളിലേക്കുള്ള പ്രവേശനോത്സവത്തില്‍ മന്ത്രി ശങ്കുവിന് നല്‍കിയ വാക്ക് പാലിച്ചു. പത്തനംതിട്ടയില്‍ മെഴുവേലി ഗ്രാമ പഞ്ചായത്തില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവത്തില്‍ മന്ത്രി പരിഷ്കരിച്ച 'മാതൃകാ ഭക്ഷണ മെനു' പ്രകാശനം ചെയ്തു.

ശങ്കു ആവശ്യപ്പെട്ടതുപോലെ പൊരിച്ച കോഴി ഇല്ലെങ്കിലും മുട്ട ബിരിയാണി ഉള്‍പ്പെടെ പല പുതിയ വിഭവങ്ങളും മാതൃകാ മെനുവിൽ ഇടംപിടിച്ചിട്ടുണ്ട്. ഒപ്പം പുലാവും മെനുവിൽ ഉൾപ്പെടുത്തി. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം വീതവുമാക്കി. വനിത ശിശുവികസന വകുപ്പ് വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്നാണ് കുട്ടികളുടെ ആരോഗ്യം ഉറപ്പ് വരുത്തി ഭക്ഷണ മെനു പരിഷ്‌കരിച്ചത്. ഈ ഭക്ഷണ മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുക. ഇതാദ്യമായാണ് അംഗനവാടികളില്‍ ഒരു ഏകീകൃത മാതൃകാ ഭക്ഷണ മെനു തയ്യാറാക്കിയിരിക്കുന്നത്.

വെല്‍ക്കം കിറ്റുകള്‍ നല്‍കിയാണ് കുഞ്ഞുങ്ങളെ അംഗനവാടിയിലേക്ക് സ്വീകരിച്ചത്. ഒന്നാം ക്ലാസിലേക്ക് പോയ കുട്ടികള്‍ക്ക് കോണ്‍വക്കേഷന്‍ സെറിമണി നടത്തി ബാഗ് ഉള്‍പ്പെടെ നല്‍കിയായിരുന്നു പ്രവേശനോത്സവം. കൂടാതെ, കുട്ടികളുടെ പ്രായത്തിനനുസൃതമായി ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ച മനസിലാക്കാൻ വനിത-ശിശുവികസന വകുപ്പും ശിശുവിദഗ്ധരും ചേർന്ന് ശാസ്ത്രീയമായി തയ്യാറാക്കിയ കുഞ്ഞൂസ് കാര്‍ഡുകളും വിതരണം ചെയ്തു.

SCROLL FOR NEXT