പിണറായി വിജയനും ജോൺ ബ്രിട്ടാസിനും എതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും ഇടതു സഹയാത്രികനുമായ അനിൽ വി നാഗേന്ദ്രൻ. പാർട്ടിക്കായി താനെടുത്ത സിനിമകൾ സംപ്രേഷണം ചെയ്യാൻ കൈരളി ചാനലും ജോൺ ബ്രിട്ടാസും പിണറായി വിജയനും വിസമ്മതിച്ചതായി അനിൽ പറഞ്ഞു. ബ്രിട്ടാസിനെ നേരിൽ കണ്ടും, പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയും സിനിമ സംപ്രേഷണം ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചെന്ന് അനിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. ബ്രിട്ടാസിനെ പൊതുവേദിയിൽ വിമർശിച്ചതോടെ, പിണറായി വിജയനും തനിക്കെതിരെ തിരിഞ്ഞു. വീരവണക്കം ഉൾപ്പെടെ കൈരളി ഏറ്റെടുക്കാത്തത് സാമ്പത്തികമായി തകർത്തെന്നും അനിൽ വ്യക്തമാക്കി.
അത്രയും ബന്ധമുള്ള ചാനല്‍ എന്ന നിലയില്‍ തന്റെ സിനിമ കൈരളിയില്‍ കാണിക്കുമെന്ന ആഗ്രഹം സ്വഭാവികമായും ഉണ്ടാകുമല്ലോയെന്ന് അനില്‍ പറഞ്ഞു. താനും ജനങ്ങളും പാര്‍ട്ടി സഖാക്കളും അത് ആഗ്രഹിച്ചു. പക്ഷേ, സിനിമ എടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കൈരളി എംഡിയായിരുന്നു ജോണ്‍ ബ്രിട്ടാസ് സ്വീകരിച്ചത്. ഇക്കാര്യം അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തി. 'ഞാന്‍ പറയാം പോയി ബ്രിട്ടാസിനെ കാണൂ', എന്നായിരുന്നു പിണറായി പറഞ്ഞത്. അതനുസരിച്ച് വീണ്ടും ബ്രിട്ടാസിനെ കാണാന്‍ പോയി. എന്നാല്‍, 'വിജയേട്ടന്‍ അതൊക്കെ പറയും, അത് നടക്കില്ല' എന്ന് നിഷ്കരുണം ബ്രിട്ടാസ് പറഞ്ഞു. 'മറ്റു വഴികളില്ല, കുറച്ചു പ്രയാസമുണ്ട്, കുറച്ചെങ്കിലും പൈസ കിട്ടിയാല്‍ എനിക്ക് നിലനില്‍ക്കാന്‍ കഴിയുമായിരുന്നു' എന്ന വേദനയും പങ്കുവച്ചു.
അതിനുശേഷം പിണറായിക്കും തന്നോട് അതൃപ്തിയായി. ബ്രിട്ടാസിനെതിരെ പറഞ്ഞത് പിണറായിക്ക് ഇഷ്ടമായിരുന്നില്ല. ഗോവിന്ദന്‍ മാഷ് പറഞ്ഞിട്ട് പിന്നെയും ബ്രിട്ടാസിനെ കണ്ടു, സംസാരിച്ചു. അത് തികച്ചും സാങ്കേതികമായൊരു ചടങ്ങ് മാത്രമായിരുന്നു. അതിനുശേഷം, ഏറെ വിഷമമുള്ള രീതിയിലാണ് കാര്യങ്ങള്‍ കലാശിച്ചത്. 'വേണമെങ്കില്‍ വീ ചാനലില്‍ രാവിലെ പത്ത് മണിക്ക് കാണിച്ചുതരാം' എന്നൊരു പരിഹാസമാണ് തനിക്ക് നേരിട്ടതെന്നും അനില്‍ പറഞ്ഞു.
ഏറെ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികള്‍ ഇറങ്ങുകയാണെന്ന് അനില്‍ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വിപ്ലവഗാനങ്ങളും, പരമ്പരകളും, പുസ്തകങ്ങളും, സിനിമയും ഉള്‍പ്പെടെ സര്‍ഗാത്മക സൃഷ്ടികളുമായി പാര്‍ട്ടിക്കൊപ്പം നടന്നിട്ടും പകയും വൈരാഗ്യവും തുടരുന്നത് ഉള്‍ക്കൊള്ളാനാകുന്നില്ല. സഹായിച്ചില്ലെങ്കിലും പിന്തുടർന്നു ദ്രോഹിക്കുന്ന ക്രൂരതകൾ സഹിച്ച് ഇനിയും തുടരാനാകില്ല. തന്നെ സ്നേഹിച്ച എല്ലാ നല്ലവരായ നേതാക്കളോടും സഖാക്കളോടും ക്ഷമ ചോദിച്ചുകൊണ്ട് പടികളിറങ്ങുന്നു, എന്നായിരുന്നു അനില്‍ ഫേസ്ബുക്കില്‍ എഴുതിയത്. വസന്തത്തിന്റെ കനല്‍ വഴികള്‍, വീര വണക്കം ഉള്‍പ്പെടെ സിനിമകളുടെ കാര്യവും കുറിപ്പില്‍ പറഞ്ഞിരുന്നു.