തൃശൂർ: കുന്നംകുളം പൊലീസിന് എതിരെ വീണ്ടും മർദന പരാതി. പള്ളിപ്പെരുന്നാൾ ദിവസം റോഡരികിൽ നിന്നിരുന്ന യുവാക്കളെ അകാരണമായി മർദിച്ചുവെന്നാണ് പരാതി. കുന്നംകുളം സ്വദേശി ജിൻസനെയാണ് പോലീസ് മർദിച്ചത്. ഇത് ചോദ്യം ചെയ്തതോടെ ലാത്തി കൊണ്ട് ദേഹത്ത് കുത്തി പരിക്കേൽപ്പിച്ചുവെന്നും പരാതിയുണ്ട്.
കസ്റ്റഡിയിലെടുക്കാൻ ജീപ്പിൽ കയറ്റി. നാട്ടുകാർ ചുറ്റും കൂടി പൊലീസിനെ ചോദ്യം ചെയ്തതോടെയാണ് ജീപ്പിൽ നിന്ന് ഇറക്കിവിട്ടത്. എസ്ഐ വൈശാഖ് ഉൾപ്പെടെയുള്ള പൊലീസുകാർ മർദിച്ചു എന്നാണ് ജിൻസൻ പറയുന്നത്. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ജിൻസൻ പറഞ്ഞു.
കഴിഞ്ഞദിവസം സിപിഐഎം ഏരിയ കമ്മിറ്റിയും കുന്നംകുളം പൊലീസിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ പരാതി. പൊലീസിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിപിഐഎം. ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു യുവാക്കളെ അകാരണമായി മർദിച്ചതിൽ പ്രതിഷേധിച്ചാണ് സിപിഐഎം രംഗത്തെത്തിയത്.