KERALA

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ പ്രിൻ്റ് നൽകി വീണ്ടും തട്ടിപ്പ്; പ്രതി വടക്കാഞ്ചേരി പൊലീസിൻ്റെ പിടിയിൽ

വടക്കാഞ്ചേരി മാരിയമ്മൻകോവിലിന് സമീപമുള്ള ലോട്ടറി കടയിൽ കഴിഞ്ഞദിവസമാണ് പ്രതി തട്ടിപ്പ് നടന്നത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ പ്രിൻ്റ് നൽകി വീണ്ടും തട്ടിപ്പ്. സംഭവത്തിൽ കുന്നംകുളം ഇയ്യാൽ സ്വദേശി സജീഷിനെ വടക്കാഞ്ചേരി പൊലീസ് പിടികൂടി. വടക്കാഞ്ചേരി മാരിയമ്മൻകോവിലിന് സമീപമുള്ള ലോട്ടറി കടയിൽ കഴിഞ്ഞദിവസമാണ് പ്രതി തട്ടിപ്പ് നടന്നത്.

ആരോൺ സോപ്പ് കട നടത്തുന്ന ലിജിയാണ് തട്ടിപ്പിന് ഇരയായത്. വ്യാജമായി നിർമിച്ച ലോട്ടറി ക്യൂആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്. ലിജിയിൽ നിന്നും 5000 രൂപ വാങ്ങി രക്ഷപ്പെട്ട പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

അതേസമയം, തൃശൂരിൽ നടന്ന മറ്റ് ലോട്ടറി തട്ടിപ്പുകൾക്ക് പിന്നിലും സജീഷ് എന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കാട്ടൂരിലും സമാനമായ സംഭവം നടന്നിരുന്നു. കാട്ടൂർ പൊഞ്ഞനം സ്വദേശിയും ലോട്ടറി കട നടത്തുന്ന നെല്ലിപറമ്പിൽ തേജസാണ് തട്ടിപ്പിന് ഇരയായത്. 15000 രൂപയാണ് തേജസിന് നഷ്ടമായത്. സമ്മാനം ലഭിച്ച ലോട്ടറിയുടെ കളർ ഫോട്ടോ സ്റ്റാറ്റ് എടുത്താണ് കച്ചവടക്കാരനെ കബളിപ്പിച്ചത്.

ക്യൂആർ കോഡ് ഉപയോഗിച്ച് പരിശോധന നടത്തിയ ടിക്കറ്റിന് നാലാം സമ്മനമായ 5000 ലഭിച്ചുവെന്ന് കാട്ടിയാണ് ഇയാൾ തേജസിനെ സമീപിച്ചത്. പ്രാഥമിക പരിശോധനയിൽ സമ്മാനം ലഭിച്ചുവെന്ന് വ്യക്തമായതോടെ തേജസ് കമ്മീഷൻ തുക കഴിച്ച് ബാക്കി പണം യുവാവിന് നൽകുകയായിരുന്നു. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് വ്യാജ ലോട്ടറി നൽകി ഇയാൾ കബളിപ്പിക്കുക ആയിരുന്നുവെന്ന് തേജസിന് മനസിലായത്.

SCROLL FOR NEXT