Source: News Malayalam 24x7
KERALA

രവീന്ദ്രൻ പട്ടയങ്ങൾക്ക് പകരം പട്ടയം നൽകാനുള്ള സർക്കാർ നടപടികൾ ഇഴയുന്നു; ഒരു ഫയൽ പോലും നീങ്ങിയില്ല, നോക്കുകുത്തിയായി ദേവികുളത്തെ പ്രത്യേക ഓഫീസ്

നൂറുകണക്കിനാളുകളാണ് പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഓഫീസ് കയറി ഇറങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്

മൂന്നാറിൽ റദ്ദാക്കപ്പെട്ട രവീന്ദ്രൻ പട്ടയങ്ങൾക്ക് പകരം പട്ടയം നൽകാനുളള സർക്കാർ നടപടികൾ ഇഴയുന്നു. ഒരു ഫയൽ പോലും ഇതുവരെ നീങ്ങിയിട്ടില്ല. പുതിയ പട്ടയം നൽകാൻ ഇടുക്കി ദേവികുളത്ത് അനുവദിച്ച പ്രത്യേക ഓഫീസിലെ കാഴ്ച ശോചനീയമാണ്. പട്ടയ നടപടികൾക്കായി ഓഫീസിലേക്ക് നിയോഗിച്ച ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം പോലും ലഭിച്ചിട്ടില്ല. നൂറുകണക്കിനാളുകളാണ് പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഓഫീസ് കയറി ഇറങ്ങുന്നത്.

റദ്ദാക്കപ്പെട്ട രവീന്ദ്രൻ പട്ടയങ്ങൾക്ക് പകരം അർഹരായവർക്ക് പട്ടയം നൽകുമെന്ന ഉറപ്പിൽ 2024ലാണ് പ്രത്യേക ഓഫീസ് സർക്കാർ പ്രഖ്യാപിച്ചത്. ദേവികുളത്ത് ഇപ്പോൾ താത്ക്കാലികമായി പ്രവർത്തിക്കുന്ന പ്രത്യേക ഓഫീസിലെ കാഴ്ചയാണിത്. തഹസിൽദാർ ക്വാർട്ടേഴ്സിന് സമീപം പതിനഞ്ച് അടി വിസ്തീർണം മാത്രമുള്ള ഒരു മുറി. പ്രത്യേക തഹസിൽദാർ, റവന്യൂ ഇൻസ്പെക്ടർ, ജൂനിയർ സൂപ്രണ്ട്, മൂന്ന് ക്ലാർക്ക് ഉൾപ്പെടെ ഒൻപത് പേരാണ് ഇവിടെ ജോലി ചെയ്യേണ്ടത്. നൂറുകണക്കിന് ഫയലുകൾ കൈകാര്യം ചെയ്യേണ്ട ഓഫീസിന്റെ ദുരവസ്ഥയാണിത്.

ഫയലുകൾ ഇല്ലാത്ത സർക്കാർ ഓഫീസിൽ ഒരു കമ്പ്യൂട്ടർ പോലും കണ്ടില്ല. ഓഫീസിൽ ഉണ്ടായിരുന്ന ജീവനക്കാർ ഒന്നിനെക്കുറിച്ചും പ്രതികരിക്കാനും തയ്യാറായില്ല. ചുമതലയുണ്ടായിരുന്ന തഹസിൽദാർ വിരമിച്ചതോടെ, ദേവികുളം സ്പെഷ്യൽ തഹസീൽദാർക്ക് താത്ക്കാലിക ചുമതല നൽകിയത് മാത്രമാണ് ഇവിടെ ഉണ്ടായ നടപടി. സർവേയർ തസ്തിക ഇല്ലാത്തതിനാൽ പട്ടയം നൽകിയവരുടെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. അതിനാൽതന്നെ ഒരു ഫയൽ മാറ്റവും നടന്നിട്ടില്ലെന്നത് വ്യക്തം. പ്രത്യേക ഓഫീസിലെ പുനർവിന്യസിക്കപ്പെട്ട ജീവനക്കാരുടെ തുടർച്ചാനുമതി കഴിഞ്ഞ ജനുവരിയിൽ റദ്ദായി. ഇതോടെ, മാസങ്ങളായി ഇവർക്ക് ജോലിയും ശമ്പളവുമില്ലാത്ത സ്ഥിതിയാണ്.

ഇടുക്കിയിലെ ഭൂവിഷയങ്ങളിൽ ഇന്നും കുരുക്കഴിയാതെ കിടക്കുന്ന ഒന്നാണ് രവീന്ദ്രൻ പട്ടയം. 1999 ഇ.കെ. നായനാർ സർക്കാരിന്റെ കാലത്താണ് രവീന്ദ്രൻ പട്ടയം അനുവദിച്ചത്. തഹസിൽദാരുടെ ചുമതല വഹിച്ചിരുന്ന ദേവികുളം അഡീഷണൽ തഹസിൽദാർ ആയിരുന്ന എം.ഐ. രവീന്ദ്രൻ അധികാര പരിധി മറികടന്ന് 530 പട്ടയങ്ങൾ വിതരണം ചെയ്തെന്ന കണ്ടെത്തലിനെ തുടർന്നാണ് മുഴുവൻ പട്ടയങ്ങളും റവന്യൂ വകുപ്പ് റദ്ദാക്കിയത്. അർഹരായവർക്ക് പട്ടയം നൽകാൻ പിന്നീട് 2022ൽ സർക്കാർ ഉത്തരവിറക്കി. ഒമ്പത് വില്ലേജുകളിലായി 530 പട്ടയങ്ങൾ ഈയിനത്തിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. പട്ടായ നടപടിയിൽ യാതൊരു പുരോഗതിയും ഇല്ലെന്നിരിക്കെ പട്ടയം കാത്തിരിക്കുന്ന നിരവധി പേരാണ് പ്രതിസന്ധിയിലായത്.

SCROLL FOR NEXT