തൃശൂർ: കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ വീട്ടിലെ കിടപ്പുമുറിയിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.
അതേസമയം, പാമ്പുകടിയേറ്റ പത്തു വയസുകാരൻ അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ തുടരും. കുട്ടി അച്ഛനമ്മമാരോട് സംസാരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു.
ഏപ്രിൽ 19നാണ് കാവുങ്ങൽ സ്വദേശി സിൽജോയുടെ മകൻ ആൽജോ മരിച്ചത്. അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആദ്യം ഭക്ഷ്യവിഷബാധയാണ് എന്നായിരുന്നു കുടുംബം കരുതിയത്. തുടർന്ന് ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നതിൻ്റെ ലക്ഷണങ്ങളും കാലിൽ മുറിപ്പാടുകളും കണ്ടെത്തി. കുട്ടിയുടെ ബന്ധുക്കൾ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കിടപ്പുമുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. ആൽജോയും സഹോദരൻ അനോഷും കടമ്പോട് എഎൽപി സ്കൂളിലെ വിദ്യാർഥികളാണ്.