തൃശൂർ: അന്തിക്കാട് മാനസിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയെന്ന പരാതിയിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നടപടി. കുടുംബം ആരോപണം ഉന്നയിച്ചവരെ ജോലിയിൽ നിന്ന് പുറത്താക്കി. തൃപ്രയാറിലെ സ്വകാര്യ വസ്ത്രശാലയുടെ മാനേജർ അബു, സൂപ്പർവൈസർ സന്ധ്യ, കാഷ്യർ സിനി എന്നിവർക്കെതിരെയാണ് നടപടി. അന്തിക്കാട് സ്വദേശി സ്മിതയുടെ മരണത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് നടപടി. ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെയാണ് കേസിൽ പൊലീസ് അന്വേഷണം ശക്തമാക്കിയത്.
അന്തിക്കാട് സ്വദേശിനി സ്മിതയുടെ മരണം തൊഴിലിടത്തെ മാനസിക പീഡനം മൂലം ആണെന്നായിരുന്നു കുടുംബത്തിൻ്റെ പരാതി. പരാതി നൽകിയിട്ടും അന്തിക്കാട് പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് കുടുംബത്തിൻ്റെ ആരോപണങ്ങൾ വിശദമായി അന്വേഷിക്കാൻ ജില്ലാ പൊലീസ് സൂപ്രണ്ട് നിർദേശം നൽകുകയായിരുന്നു.
മെയ് 15നാണ് വീടിനോട് ചേര്‍ന്ന ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ സ്മിതയെ കണ്ടെത്തിയത്. സ്മിതയ്ക്ക് തൊഴില്‍ സ്ഥാപനത്തില്‍ നേരിട്ട അവഗണനയും തൊഴില്‍ നിഷേധവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബന്ധുക്കള്‍ പരാതി നല്‍കിയത്. സ്ഥാപന ഉടമകള്‍ക്കും വ്യക്തിഹത്യ ചെയ്ത സ്ഥാപനത്തിലെ രണ്ട് വനിതകള്‍ക്കും സുപ്പര്‍വൈസര്‍മാർക്കും എതിരെയുമാണ് പരാതി നല്‍കിയത്. 25 വര്‍ഷമായി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സ്മിതയുടെ ഭര്‍ത്താവിനെയോ മക്കളെയോ സംഭവശേഷം ഉടമകള്‍ സന്ദര്‍ശിച്ചിരുന്നില്ല. ഇതിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു.