തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പരാജയപ്പെടാൻ കാരണം ഭരണ വിരുദ്ധവികാരമാണെന്ന് സിപിഐയുടെ റിപ്പോർട്ട്. ഇത് യുഡിഎഫിന് അനുകൂലമായി മാറി. തോൽവിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സിപിഐയുടെ തോൽവിക്ക് സ്ഥാനാർഥി നിർണയം കാരണമായെന്നും വിമർശനം ഉയർന്നിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോർട്ട് സംസ്ഥാന എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചു. ന്യൂനപക്ഷങ്ങൾ അകന്നത് തിരിച്ചടിയായെന്നും റിപ്പോർട്ടിലുണ്ട്.
ഭരണവിരുദ്ധവികാരം മൂലം യുഡിഎഫ് ആണ് മെച്ചമെന്ന് തോന്നൽ ജനങ്ങൾക്ക് ഉണ്ടായെന്നും റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ഉയർന്നു. പലയിടത്തും സ്ഥാനാർഥി നിർണയം പാളി. ചടയമംഗലത്തും ചാത്തന്നൂരും വൈക്കത്തും നാദാപുരത്തും സ്ഥാനാർഥി നിർണയം നേതൃത്വത്തിന് പാളി.
ചടയമംഗലത്ത് ചിഞ്ചുറാണി സഖാക്കൾക്ക് സ്വീകാര്യയായിരുന്നില്ലെന്നും റിപ്പോർട്ടിന്മലുള്ള ചർച്ചയിൽ ആരോപണം ഉയർന്നു. വൈക്കത്ത് മുൻ എംഎൽഎ സി.കെ. ആശ മൽസരിച്ചിരുന്നെങ്കിൽ സാധ്യതയുണ്ടായിരുന്നു എന്നും ചർച്ചയിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. നാദാപുരത്ത് ന്യൂനപക്ഷങ്ങൾ എതിരായി. ചാത്തന്നൂരിലെ വോട്ട് ബിജെപി കൊണ്ടുപോയെന്നും പരാതി ഉയർന്നു.