കാസർഗോഡ്: ദേശീയപാതയിലെ കാസർഗോഡ് കുമ്പളയിൽ സ്ഥാപിക്കുന്ന ടോൾഗേറ്റിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ടോൾഗേറ്റ് വിരുദ്ധ സമരസമിതി. ഈ മാസം 14 മുതൽ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം. എന്നാൽ ഹൈക്കോടതിയുടെ അനുകൂല വിധിയുള്ളതിനാൽ ടോൾഗേറ്റ് എത്രയും വേഗം പൂർത്തിയാക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം.
ദേശീയപാതയിൽ നേരത്തെ നിശ്ചയിച്ചതിന് വിരുദ്ധമായി കുമ്പളയിൽ ടോൾഗേറ്റ് നിർമിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ തീരുമാനത്തിനെതിരെ മൂന്നു മാസത്തിലേറെയായി സമരം നടക്കുകയാണ്. ടോൾഗേറ്റുകൾ തമ്മിൽ 60 കിലോമീറ്റർ എങ്കിലും ദൂരപരിധി വേണമെന്നാണ് ചട്ടം. ഇതനുസരിച്ച് തലപ്പാടിയിലെ ടോൾഗേറ്റ് കഴിഞ്ഞാൽ പെരിയയിൽ മാത്രമേ അടുത്ത ടോൾഗേറ്റ് സ്ഥാപിക്കാനാകൂ.
എന്നാൽ തലപ്പാടിയിൽ നിന്നും 20 കിലോമീറ്റർ മാത്രം വ്യത്യാസത്തിൽ കുമ്പളയിൽ ടോൾഗേറ്റ് സ്ഥാപിക്കാനാണ് ദേശീയപാത അതോറിറ്റിയുടെ നീക്കം. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇതിന് അനുമതി നൽകിയതോടെ പ്രവർത്തന വേഗത വർധിച്ചു. എന്നാൽ പ്രദേശവാസികളെ ഉൾപ്പെടെ ബാധിക്കുന്ന ടോൾ ബൂത്ത് സ്ഥാപിക്കാൻ അനുവദിക്കില്ലെന്നാണ് സമരസമിതിയുടെ പക്ഷം. ഇതുമായി ബന്ധപ്പെട്ട് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും തിങ്കളാഴ്ച കേസിൽ വിശദമായ വാദം കേൾക്കാം എന്ന് അറിയിക്കുകയും ചെയ്തു.
ഇതിനിടയിലാണ് സമരം ശക്തിപ്പെടുത്താൻ ടോൾഗേറ്റ് വിരുദ്ധസമിതി തീരുമാനിച്ചത്. ഞായറാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. മഞ്ചേശ്വരം എംഎൽഎ ഉൾപ്പെടെയുള്ളവർ സമരത്തിന് നേതൃത്വം നൽകും. ഒപ്പം വിഷയം നിയമസഭയിലും അവതരിപ്പിക്കും. കുമ്പളയിൽ ടോൾഗേറ്റ് സ്ഥാപിച്ചാൽ പ്രാദേശ വാസികൾ പോലും ടോൾ നൽകേണ്ടിവരും. പുഴയുടെ സമീപത്തായതിനാൽ സർവീസ് റോഡുകളും ഉണ്ടാവില്ല. ഇതാണ് പ്രതിഷേധത്തിന് ആക്കം കൂട്ടുന്നത്. ഒപ്പം നിത്യേന മംഗലാപുരത്തേക്ക് യാത്ര ചെയ്യുന്നവരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതാണ് എൻഎച്ച്എയുടെ തീരുമാനം. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിശദമായി ഈ കാര്യങ്ങൾ പരിശോധിക്കുമെന്നും തങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നുമാണ് പ്രദേശവാസികൾ പ്രതീക്ഷിക്കുന്നത്.