നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ പ്രതീക്ഷയുടെ കൊടുമുടി കയറി മുന്നണികൾ. അവസാന മണിക്കൂറുകളിലും മലയോര ജനതയുടെ ജീവിത പ്രശ്നങ്ങളും ജമാഅത്തെ ഇസ്ലാമി ബന്ധവും പി.വി. അൻവർ ഫാക്ടറും സജീവ ചർച്ച വിഷയമായി നിലനിൽക്കുകയാണ്. നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് നഗരം കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്തുണയെ ന്യായീകരിച്ചതും വികസന പ്രവർത്തനങ്ങൾക്കൊപ്പം തന്നെ എല്‍ഡിഎഫ് സജീവ ചർച്ചയായി നിലനിർത്തുകയാണ്. വിഷയത്തിൽ വയനാട് എം പിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പ്രതികരിക്കാൻ തയാറാകാത്തത് ജമാഅത്തെ വിഷയത്തിൽ നിന്ന് തടി തപ്പാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.
പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ പൂർത്തിയായതോടെ യുഡിഎഫ് ക്യാംപിൽ ആവേശം ഇരട്ടിയായിട്ടുണ്ട് . ജമാഅത്തെ ഇസ്‌ലാമി പിന്തുണ വിവാദമൊന്നും തങ്ങളെ ബാധിക്കില്ലെന്നും പാലക്കാട് ആവർത്തിക്കുമെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രതികരിച്ചു.
നൂറ് കണക്കിന് പ്രവർത്തകരെ അണി നിരത്തി ഏഴ് മണിക്കൂർ നീളുന്ന റോഡ് ഷോ നടത്തി അൻവർ ഇരു മുന്നണികളെയും ഞെട്ടിച്ചിട്ടുണ്ട്. പി.വി. അൻവർ ജയ പരാജയങ്ങളെ ബാധിക്കുന്ന ഘടകമല്ലെന്ന് ഇരു മുന്നണികളും ആവർത്തിക്കുമ്പോഴും അൻവർ പിടിക്കുന്ന വോട്ട് നിർണായകമാകും. മലയോര മേഖലയിലെ ജനങ്ങളുടെ വിഷയങ്ങളിൽ കൂടുതൽ ഊന്നൽ കൊടുക്കാനാണ് അവസാന ഘട്ടത്തിൽ അൻവറിൻ്റെ ശ്രമം.
ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാണ്.