എറണാകുളം: ഗവൺമെന്റ് പ്ലീഡറുടെ പട്ടികയിൽ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പേര് വന്നതോടെ രാജി എഴുതി വാങ്ങി സിപിഐ. അഡ്വ. പി. ദീപ്തിയുടെ രാജിയാണ് സിപിഐ ലോക്കൽ കമ്മിറ്റി വാങ്ങിയത്. വ്യക്തിപരമായ കാരണങ്ങളാൽ പ്ലീഡർ സ്ഥാനത്തേക്ക് ഇല്ലെന്നും, സിപിഐയിൽ നിന്ന് നേരത്തെ രാജിവച്ചിരുന്നു എന്നും ദീപ്തി പറഞ്ഞു. സാമുദായിക പരിഗണന നൽകിയാവാം തന്നെ പ്ലീഡർ ആക്കിയത്. നേരത്തെ ആന്റണി മന്ത്രി സഭയിലും താൻ പ്ലീഡർ ആയിരുന്നുവെന്നും ദീപ്തി പറഞ്ഞു.
സർക്കാർ അഭിഭാഷക പട്ടിയിൽ സിപിഐ നേതാവും തൃപ്പൂണിത്തുറ ലോക്കൽ കമ്മിറ്റി അംഗവുമായ അഡ്വ. പി. ദീപ്തിയെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിന് പിന്നാലെയായിരുന്നു വിവാദം. വനിതാ ലീഗ് നേതാവിന്റെ ഭർത്താവിനും നിയമനം നൽകിയതായി ആക്ഷേപം ഉയർന്നിരുന്നു.
നേരത്തെ ദേവസ്വം ബോർഡ് സ്പെഷ്യൽ ജിപിയായി അഡ്വ. കെ.ബി. പ്രദീപിനെ നിയമിക്കുകയും അദ്ദേഹം രാജിവയ്ക്കുകയും ചെയ്തത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു.
സർക്കാർ അഭിഭാഷകരുടെ ഈ പട്ടികയെ സംബന്ധിച്ച് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർക്ക് വലിയ അതൃപ്തിയുള്ളതായാണ് വിവരം. വേണ്ടത്ര പ്രവർത്തി പരിചയം ഇല്ലാത്തവരെയും കൂടിയാലോചന ഇല്ലാതെയുമാണ് ഇത്തവണ അഭിഭാഷകരെ നിയമിച്ചതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.