KERALA

"കേരളാ കോൺഗ്രസ് എം വന്നാൽ ധൂർത്ത പുത്രനെ വരവേറ്റതുപോലെ സ്വീകരിക്കും"; പരാമർശത്തിൽ വിശദീകരണവുമായി അപു ജോൺ ജോസഫ്

തൻ്റെ ശൈലി ജോസ് കെ. മാണിക്കോ പാർട്ടിക്കോ മനസിലാക്കാനായില്ലെന്നും അപു ജോൺ ജോസഫ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കോട്ടയം: ജോസ് കെ. മാണിയെ പാർട്ടിയിലേക്ക് ക്ഷണിച്ചത് സൗഹാർദപരമായെന്ന് തൊടുപുഴയിലെ നിയുക്ത എംഎൽഎ അപു ജോൺ ജോസഫ്. ധൂർത്ത പുത്രൻ എന്ന് പറഞ്ഞത് ബൈബിളിലെ ഉപമ കടമെടുത്താണെന്നും, ജോസിന് വിഷമമായെങ്കിൽ അത് പിൻവലിക്കുന്നു എന്നും അപു പറഞ്ഞു.

തൻ്റെ ശൈലി ജോസ് കെ. മാണിക്കോ പാർട്ടിക്കോ മനസിലാക്കാനായില്ല. മാണി സാറിൻ്റെ പാർട്ടി തിരിച്ചുവരണം എന്നാണ് കേരള കോൺഗ്രസുകാരൻ എന്ന നിലയിൽ തൻ്റെ വികാരം. പൂർണമായും സൗഹാർപരമായാണ് പാർട്ടിയിലേക്ക് ക്ഷണിച്ചത്. ചെയർമാൻ വാതിൽ അടയ്ക്കും വരെ അത് തുറന്നു കിടക്കുമെന്നും അപു ജോൺ ജോസഫ് ചൂണ്ടിക്കാട്ടി.

"കേരള കോൺഗ്രസ്(എം) തിരിച്ചെത്തിയാൽ, ധൂർത്ത പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും. കേരള കോൺഗ്രസുകാർ മുമ്പ്‌ ഒന്നായിരുന്നവരാണ്. ഒരു മേശയ്ക്ക് അപ്പുറവും ഇരുന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേ കേരള കോൺഗ്രസിലുള്ളൂ. അവർ തിരിച്ചു വരണമെന്നും കേരളത്തിൽ നിലനിൽക്കണമെന്നുമാണ് ആഗ്രഹം."എന്നായിരുന്നു അപു ജോൺ ജോസഫ് പറഞ്ഞത്.

അതേസമയം, മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ നടന്നിട്ടില്ലെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. പി.ജെ. ജോസഫിൻ്റെ ക്ഷണം ആത്മാർഥമായിട്ടല്ലെന്നും പരിഹസിക്കാൻ വേണ്ടി മാത്രമാണ് എന്നുമായിരുന്നു ജോസ് കെ. മാണി പറഞ്ഞത്. ജോസഫിന് 50 വർഷം പൂർത്തിയാക്കാൻ കുറച്ചുനാൾ കൂടി മതിയായിരുന്നു. എന്നാൽ അത് അനുവദിക്കാതിരുന്ന മകൻ ധൂർത്ത പുത്രനാണോ സ്വാർഥ പുത്രനാണോയെന്ന് പറയണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടിരുന്നു.

SCROLL FOR NEXT